Saturday, November 14, 2026

രാജ്യത്ത് കോവിഡ് മരണ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെ; 10 സംസ്ഥാനങ്ങളില്‍ കോവിഡ് പോരാട്ടം വിജയിച്ചാല്‍ രാജ്യം വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: കോവിഡ് പരിശോധനാ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളില്‍ പരിശോധനാ നിരക്ക് കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ തോതിലുള്ള പ്രതിദിന വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളാണ് ഇവ.

കോവിഡ് പോസിറ്റീവ് നിരക്ക് കൂടുതലും അതേസമയം പരിശോധനാ നിരക്ക് കുറവുമുള്ള സംസ്ഥാനങ്ങളില്‍ പരിശോധനാ നിരക്ക് കൂട്ടണമെന്നാണ് പ്രധാനമന്ത്രിയുടെ ആവശ്യം. നിലവില്‍ രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളില്‍ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളില്‍ പരിശോധനാ നിരക്ക് കൂട്ടണമെന്നും ഈ സംസ്ഥാനങ്ങളില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ വിജയിച്ചാല്‍ രാജ്യം വിജയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്. എന്നാല്‍ നിലവിലുള്ള ആറ് ലക്ഷം ആക്ടീവ് കോവിഡ് കേസുകളില്‍ ഭൂരിപക്ഷവും 10 സംസ്ഥാനങ്ങളിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ പ്രതിദിനം ഏഴ് ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തുന്നുണ്ട്. കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചാല്‍ മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ച് നിലവില്‍ ഇന്ത്യയിലെ മരണനിരക്ക് കുറവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles