Tuesday, May 14, 2024
spot_img

വിവാഹം കെങ്കേമം, വധുവിൻ്റെ പിതാവിനെതിരേ കേസ്

ആലപ്പുഴ : കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം കാറ്റില്‍ പറത്തി വിവാഹം വിപുലമായി നടത്തിയതിന് പോലീസ് കേസെടുത്തു.

ആലപ്പുഴ ടൗണ്‍ ഹാളില്‍ കഴിഞ്ഞ 15 ന് നടന്ന ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡില്‍ ആറാട്ടുവഴി തുണ്ടുപറമ്ബില്‍ ഷമീര്‍ അഹമ്മദിന്റെ മകളുടെ വിവാഹമാണ് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് വിപുലമായ രീതിയില്‍ നടത്തിയത്.

വിവാഹവുമായി ബന്ധപ്പെട്ട ആളുകള്‍ കൂടുന്ന പരിപാടികള്‍ ലഘൂകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഷമീര്‍ അഹമ്മദിന് അമ്പലപ്പുഴ തഹസില്‍ദാര്‍ നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നു. കൂടാതെ 13 ന് തഹസില്‍ദാര്‍ നേരിട്ടെത്തി കുടുംബാംഗങ്ങളെ കാണുകയും 60 പേരില്‍ കൂടുതല്‍ വിവാഹത്തില്‍ പങ്കെടുക്കില്ല എന്നുള്ള ഉറപ്പ് അവര്‍ നല്‍കുകയും ചെയ്തിരുന്നതാണ്.

ആര്‍ ഡി ഒ സന്തോഷ് കുമാറും വിവാഹ ചടങ്ങുകളിലെ കൂടുതല്‍ ആളുകളെ പങ്കെടുക്കരുതെന്ന് അറിയിച്ചിരുന്നു. ഹാള്‍ ബുക്ക് ചെയ്തതിന് ചെലവായ തുക ഷമീര്‍ അഹമ്മദിന് തിരിച്ചു നല്‍കാനും തയ്യാറായിരുന്നു. എന്നാല്‍ 60 പേരില്‍ കൂടുതല്‍ പങ്കെടുക്കില്ല എന്ന ഉറപ്പ് പാടെ തെറ്റിച്ചുകൊണ്ട് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകളാണ് വിവാഹത്തിന് എത്തിച്ചേര്‍ന്നത്.

തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന മുനിസിപ്പല്‍ കൗണ്‍സിലറുടെ സഹായത്തോടെ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയാണ് ജനങ്ങളെ പിരിച്ചു വിട്ടത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ നോര്‍ത്ത് പോലീസ് ഷമീര്‍ അഹമ്മദിനെതിരെ ക്രിമിനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Articles

Latest Articles