Friday, March 29, 2024
spot_img

ശബരിമലയിൽ വീണ്ടും പിന്നോട്ടടിച്ച് സർക്കാർ; ദർശനം നടത്തിയത് 2 യുവതികൾ മാത്രമെന്ന് പുതിയ റിപ്പോര്‍ട്ട്; യുവതികള്‍ക്ക് ശബരിമലയില്‍ സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും സർക്കാർ നിയമസഭയിൽ

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തില്‍ പുതിയ റിപ്പോർട്ടുമായി കേരളാ സർക്കാർ. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍ മാത്രമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചത്. മാത്രമല്ല ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും മന്ത്രി പറഞ്ഞു. ദര്‍ശനം ആവശ്യപ്പെട്ട് വരുന്ന യുവതികള്‍ക്ക് ശബരിമലയില്‍ സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരന്‍ അല്ല. ദേവസ്വം മാന്വല്‍ പ്രകാരം മറ്റ് ജീവനക്കാരെപ്പോലെ തന്നെ തന്ത്രി പ്രവര്‍ത്തിക്കണം. ക്ഷേത്രത്തില്‍ ആചാരലംഘനമുണ്ടായാല്‍ നടയടച്ച്‌ ശുദ്ധിക്രിയ ചെയ്യാന്‍ ദേവസ്വം മാന്വലില്‍ ശുപാര്‍ശ ചെയ്യുന്നില്ല. ശുദ്ധിക്രിയ ആവശ്യമെങ്കില്‍ ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചന നടത്തിയ ശേഷം മാത്രം ശുദ്ധിക്രിയ നടത്താം.നിലവില്‍ ശുദ്ധിക്രിയ ചെയ്തപ്പോള്‍ അനുമതി വാങ്ങാത്തതിനാലാണ് വിശദീകരണം ചോദിച്ചത്. ശബരിമല ആചാര വിശ്വാസ സംരക്ഷണത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയില്‍ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

അതേസമയം ശബരിമലയില്‍ 17 യുവതികള്‍ ദര്‍ശനം നടത്തിയെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കൊടുത്ത പട്ടികയില്‍ പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ആദ്യം സമര്‍പ്പിച്ച 51 പേരുടെ പട്ടികയില്‍ പുരുഷന്‍മാരും 50 വയസ്സുകഴിഞ്ഞവരും ഉള്‍പ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് പട്ടിക പുനഃപരിശോധിച്ച്‌ 17 പേരാക്കിയത്. എന്നാല്‍ ഇപ്പോള്‍ രണ്ട് പേരുടെ കാര്യത്തില്‍ മാത്രമെ സ്ഥിരീകരണമുള്ളൂ എന്ന നിലപാടാണ് സര്‍ക്കാര്‍ നിയമസഭയില്‍ സ്വീകരിച്ചിരിക്കുന്നത്.

Related Articles

Latest Articles