തിരുവനന്തപുരം : ചീഫ് സെക്രട്ടറി ടോം ജോസ് സര്‍വീസില്‍ നിന്ന് വിരമിച്ചു. 36 വര്‍ഷത്തെ ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിച്ച ടോം ജോസിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കി. പ്രതിസന്ധിഘട്ടങ്ങളില്‍ ഭരണനേതൃത്വത്തിന്റെ മനസ് മനസിലാക്കി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനായിരുന്നു ടോം ജോസെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു.കൂടാതെ ജനപ്രതിനിധികള്‍ തങ്ങള്‍ക്ക് തടസമാകുന്നു എന്ന് കരുതുന്ന പുതിയ തലമുറയിലെ സിവില്‍ സര്‍വീസുകാര്‍ ടോം ജോസില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജലവിഭവം, തൊഴില്‍, എക്‌സൈസ് വകുപ്പുകളുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരിക്കെയാണു ടോം ജോസ് ചീഫ് സെക്രട്ടറി പദവിയില്‍ എത്തിയത്. പാലാ വള്ളിച്ചിറ സ്വദേശിയായ ഇദ്ദേഹം 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. കെഎസ്‌ഐഡിസി, സപ്ലൈകോ, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, റബര്‍ മാര്‍ക്ക്, കൊച്ചി മെട്രോ എന്നിവയുടെ മാനേജിങ് ഡയറക്ടറും ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ സിഎംഡിയും ആയിരുന്നു.
1999-2004ല്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ വ്യോമസേനയുടെ ചുമതല വഹിച്ചു. ഇന്ത്യ,റഷ്യ സൈനിക സഹകരണത്തിന്റെ ചുമതലയുള്ള ചീഫ് കോഓര്‍ഡിനേറ്ററായി 4 വര്‍ഷം മോസ്‌കോയിലായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി രാജ്യാന്തര സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളജില്‍നിന്ന് ബിരുദവും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍നിന്ന് എംബിഎയും യുഎസില്‍നിന്നു പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമയും നേടി.

