Wednesday, May 22, 2024
spot_img

കെ.വി.തോമസിന് പ്രതിമാസം 1 ലക്ഷം രൂപ ഓണറേറിയം: ധനവകുപ്പ് നിർദേശത്തിൽ അന്തിമ തീരുമാനം മന്ത്രിസഭയോഗത്തിന് ശേഷം

തിരുവനന്തപുരം∙; ദില്ലിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച കെ.വി.തോമസിന് ഒരു ലക്ഷം രൂപ പ്രതിമാസം ഓണറേറിയമായി നൽകാമെന്ന ധനവകുപ്പ് നിർദേശത്തിൽ മന്ത്രിസഭ ചർച്ച ചെയ്തശേഷം തീരുമാനമെടുക്കും.കോൺഗ്രസിൽനിന്ന് പുറത്താക്കിയ കെ.വി.തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണു പ്രത്യേക പ്രതിനിധിയായി നിയമിച്ചിരിക്കുന്നത്.

നേരത്തെ ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും ആവശ്യപ്പെട്ട് കെ.വി.തോമസ് സർക്കാരിനു കത്ത് നൽകിയിരുന്നു. ദില്ലിയിലെ കേരള ഹൗസിലാണ് കെ.വി.തോമസിന്റെ ഓഫിസ്. അടിസ്ഥാന ശമ്പളം, ഡിഎ, എച്ച്ആർഎ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ശമ്പളം.

സേവനത്തിനു പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയമെന്നു പറയുന്നത്. സർക്കാർ സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്കു പുനർനിയമനം ലഭിച്ചാൽ അവസാനം വാങ്ങിയ ശമ്പളത്തിൽനിന്നു പെൻഷനായി വാങ്ങുന്ന തുക കുറച്ചാണ് വേതനമായി നൽകുക . അതെ സമയം ഓണറേറിയം നൽകിയാൽ പെൻഷൻ വാങ്ങുന്നതിന് തടസമുണ്ടാകില്ല. അതിനാൽ കെ.വി.തോമസിന് എംപി പെൻഷൻ വാങ്ങുന്നതിനു തടസമുണ്ടാകില്ല.

വിലക്ക് ലംഘിച്ച് കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതോടെയാണു കെ.വി.തോമസ് കോൺഗ്രസ് പാർട്ടിയുമായി കൊമ്പുകോർക്കുന്നത്. ഇതിന് ശേഷം നടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവെൻഷനിൽ സഹകരിച്ചതോടെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. രാജ്യതലസ്ഥാനത്ത് മന്ത്രിയായും എംപിയായും പ്രവർത്തിച്ച കെ.വി.തോമസിന്റെ സൗഹൃദങ്ങൾ സംസ്ഥാനത്തിനു മുതൽകൂട്ടാകുമെന്ന പ്രതീക്ഷയിലാണു സർക്കാർ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.

Related Articles

Latest Articles