Sunday, June 16, 2024
spot_img

രണ്ടാം ദിനവും നൂറ് കോടി; ബോക്സോഫീസ് റെക്കോർഡുകൾ പഴങ്കഥയാക്കി കുതിപ്പ് തുടർന്ന് ആദിപുരുഷ്

ബോക്സോഫീസ് റെക്കോർഡുകൾ പഴങ്കഥയാക്കി കുതിപ്പ് തുടർന്ന് പ്രഭാസ് നായകനായ ‘ആദിപുരുഷ്’. ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ മാത്രം പിന്നിടവേ ആ​ഗോളതലത്തിൽ 240 കോടി രൂപയാണ് നേടിയിരിക്കുന്നത്. സിനിമയുടെ നിർമാതാക്കളായ യുവി ക്രിയേഷൻസ് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രം തിയേറ്ററിലെത്തിയ ദിനം 140 കോടി രൂപയും രണ്ടാം ദിനത്തിൽ 100 കോടി രൂപയും ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയെന്നാണ് നിർമാതാക്കൾ നൽകുന്ന വിവരം. അവധി ദിനമായ ഇന്നലത്തെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ചിത്രം ആ​ഗോളതലത്തിൽ 300 കോടി കടക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

ബാഹുബലി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ നായകനായി വളർന്ന പ്രഭാസ് നായകനായ ആദിപുരുഷ് എന്ന ത്രീഡി ചിത്രം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ ഡയലോ​​ഗുകളും വി.എഫ്.എക്സും ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ഹനുമാന്റെ സംഭാഷണവും വിവാദമായതിൽ ഉൾപ്പെടുന്നു. ഇതോടെ ആദിപുരുഷിലെ വിവാദ സംഭാഷണങ്ങൾ ഒഴിവാക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. രാമായണം പ്രമേയമാകുന്ന ചിത്രത്തിൽ രാവണനായി വേഷമിട്ടിരിക്കുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ്. കൃതി സനോൺ, സെയ്ഫ് അലിഖാൻ, സണ്ണി സിം​ഗ്, ദേവ്ദത്ത് നാ​ഗേ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഓം റൗട്ട് ആണ് സംവിധായകൻ. ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Related Articles

Latest Articles