Sunday, May 19, 2024
spot_img

കെഎസ്ആര്‍ടിസിയുടെ 1180 ബസുകള്‍ കട്ടപ്പുറത്ത്; രാജ്യത്ത് ഏറ്റവും കൂടുതല്‍ കേരളത്തില്‍; അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നത് ഒരു വിഭാഗം ജീവനക്കാരെന്ന് സിഎംഡി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ 1180 ബസുകള്‍ കട്ടപ്പുറത്തെന്ന് സിഎംഡി ബിജു ്രപഭാകര്‍. രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി സമൂഹമാദ്ധ്യമത്തിലൂടെ തുടക്കമിട്ട വീഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് കെഎസ്ആർടിസി സിഎംഡിയുടെ പുതിയ വെളിപ്പെടുത്തലുകൾ.

ഈ ബസുകള്‍ കൂടി നിരത്തിലിറങ്ങിയാലേ കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്കുകള്‍ കുറയു. ഒരു വിഭാഗം ജീവനക്കാര്‍ സ്ഥാപനത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയാണ്. മാനേജ്മെന്റിനെതിരെ ഇവർ നിരന്തരം കള്ള വാർത്തകൾ നൽകുകയാണ്. മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീർക്കുന്നു. എന്തു നല്ല നിർദേശം വന്നാലും സംഘടനകൾ അറബിക്കടലിൽ എറിയുകയാണ്. ചില കുബുദ്ധികളാണ് കെഎസ്ആർടിസി നന്നാകാൻ സമ്മതിക്കാത്തതെന്ന് ബിജു പ്രഭാകർ ആരോപിച്ചു

‘‘സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുകയെന്നത് സംസ്ഥാന സർക്കാരിന്റെ നയമാണ്. സ്ഥലം വിറ്റ് കടം തീർക്കുക എന്നുള്ള നിർദേശത്തോടു മാത്രമാണ് എതിർപ്പുള്ളത്. ഉൽപാദന ക്ഷമത വർധിപ്പിക്കുകയാണ് കെഎസ്ആർടിസി ലാഭകരമാക്കാനുള്ള മാർഗം. കട്ടപ്പുറത്തിരിക്കുന്ന വാഹനങ്ങൾ ഇറക്കിയാൽ മാത്രം ഇതു നടപ്പാകില്ല. ജീവനക്കാരെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രയോജനപ്പെടുത്തണം. 1243 പേർ പ്രതിമാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല’’ എന്ന് ബിജു പ്രഭാകർ പറഞ്ഞു.

സ്വിഫ്റ്റ് ബസ് കെഎസ്ആർടിസിക്കു ഭീഷണിയാണെന്നത് വ്യാജ പ്രചാരണമാണെന്നും ബിജു പ്രഭാകർ പറയുന്നു. സ്വിഫ്റ്റിലെ വേതനം കെഎസ്ആർടിസിക്കു ലഭിക്കുന്നതിന്റെ 40% മാത്രമാണ്. സ്വിഫ്റ്റ് ബസ് കൊണ്ട് നഷ്ടം സംഭവിക്കുന്നത് സ്ഥിരമായി മാഹിയിൽനിന്നു മദ്യം കടത്തുന്നവർക്കും നാഗർകോവിലിൽനിന്ന് അരി കടത്തുന്നവർക്കുമൊക്കെയാണ്.

കുറേ ഡ്രൈവർമാർ ഇതിൽ സ്വന്തമായി കുറിയർ സർവീസ് നടത്തുകയാണ്. ബെംഗളൂരുവിൽനിന്നൊക്കെ സാധനം വാങ്ങിച്ച് ഇവിടെ കച്ചവടം നടത്തുന്നവർക്ക് വിഷമം തോന്നും. 10,000 രൂപ ഫീസ് വരുന്ന സാധനങ്ങൾ ഡ്രൈവർക്ക് രണ്ടായിരം കൊടുത്താൽ കടത്താമെന്ന അവസ്ഥയാണ്. കെഎസ്ആർടിസിക്കു ലഭിക്കേണ്ട വരുമാനമാണ് ഇത്. ഇങ്ങനെയൊക്കെ ചെയ്താൽ നഷ്ടം ആർക്കാണെന്ന് ബിജു പ്രഭാകർ ചോദിക്കുന്നു.

Related Articles

Latest Articles