ഭോപാൽ : മധ്യപ്രദേശിൽ പന്ത്രണ്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിയുടെ വീട് പൊളിച്ചുനീക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനയിൽ വീട് നിർമ്മിച്ചിരിക്കുന്നത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതിനാലാണ് വീട് പൊളിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവർ ഭാരത് സോണിയെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷനിലെ സർക്കാർ ഭൂമിയിലാണ് ഭാരതിയുടെ വീട്. സ്ഥലം സർക്കാരിന്റെതായതിനാൽ വീട് പൊളിച്ചു നീക്കുന്നതിന് നോട്ടിസ് നൽകേണ്ട കാര്യമില്ലെന്നും
നാളെ തന്നെ വീട് പൊളിച്ചുനീക്കുമെന്നും മുൻസിപ്പൽ അധികൃതർ വ്യക്തമാക്കി.
മുപ്പത്തിയഞ്ചോളം പേർ 700ലധികം സിസിടിവികൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അജയ് വർമ പറഞ്ഞു. പെണ്കുട്ടിയെ പീഡിപ്പിച്ച സ്ഥലത്ത് ഇയാളെ എത്തിച്ച് തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാന് ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടി. ഓട്ടത്തിനിടെ റോഡില് വീണതിനെ തുടര്ന്ന് ഇയാളുടെ കൈയ്യിലും കാലിലും സാരമില്ലാത്ത രീതിയിൽ പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് പെണ്കുട്ടിയുടെ വസ്ത്രങ്ങള് കണ്ടെത്തിയിട്ടുണ്ട്..
ഉജ്ജയിനിയില് കഴിഞ്ഞ ദിവസം ബലാത്സംഗത്തിന് ഇരയായ പെണ്കുട്ടി അർദ്ധ നഗ്നാവസ്ഥയിൽ ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില് മുട്ടിയിട്ടും നാട്ടുകാര് ആട്ടിപ്പായിച്ചത് വന് പ്രതിഷേധത്തിനു വഴിവച്ചിരുന്നു. ഒടുവിൽ ആശ്രമത്തിലെ പുരോഹിതനാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതും പൊലീസിനെ വിളിച്ചറിയിച്ചതും. മധ്യപ്രദേശിലെ ഉജ്ജയിനിയില്നിന്ന് 15 കിലോമീറ്റര് അകലെ ബാഗ്നഗര് റോഡിലെ സിസിടിവിയില്നിന്നാണ് ദൃശ്യം ലഭിച്ചത്.

