ഇന്നലെ ദില്ലി പോലീസ് പിടികൂടിയ ഐഎസ് ഭീകരർ എൻജിനീയറിങ് ബിരുദധാരികളാണെന്നും ബോംബ് നിർമാണത്തിൽ ഇവർ പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുള്ളവരാണെന്നും റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഷാഫി ഉസമ എന്നറിയപ്പെടുന്ന മുഹമ്മദ് ഷാനവാസ് ഇന്നലെ പിടിയിലായവരിൽ ഉൾപ്പെട്ടിരുന്നു എന്ന വിവരം പുറത്തു വന്നെങ്കിലും പിടിയിലായ മറ്റ് രണ്ടുപേരുടെ വിവരങ്ങൾ ഇന്നാണ് പുറത്ത് വന്നത്. മുഹമ്മദ് റിസ്‌വാൻ അഷ്‌റഫ്, മുഹമ്മദ് അർഷാദ് വാർസി എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സ്‌ഫോടനങ്ങളിൽ പ്രധാന പങ്കുവഹിച്ച ഷാനവാസിനെയും മറ്റു രണ്ടു പേരെയും കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ കഴിഞ്ഞ മാസം മൂന്നു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ജാർഖണ്ഡിലെ ഹസാരിബാഗ് സ്വദേശിയാണ് ഷാനവാസ് എന്ന് പൊലീസ് പറഞ്ഞു. മൈനിങ് എൻജിനീയറിങ് പഠിച്ച ഇയാൾക്ക് സ്ഫോടനങ്ങൾ നടത്തുന്നതിനെക്കുറിച്ച് ഗ്രാഹ്യമുണ്ടായിരുന്നു. ഇയാളുടെ ഭാര്യ വിവാഹത്തിന് തൊട്ട് മുൻപാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. അവർ ഇപ്പോൾ ഒളിവിലാണ്. മുഹമ്മദ് അർഷാദ് വാർസിയും ജാർഖണ്ഡ് സ്വദേശിയാണ്. അലിഗഡ് സർവകലാശാലയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക് പൂർത്തിയാക്കിയ ഇയാൾ, ദില്ലിയിലെ ജാമിയ മിലിയ സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയാണ്. മുഹമ്മദ് റിസ്‌വാൻ അഷ്‌റഫ് കംപ്യൂട്ടർ സയൻസിൽ ബിടെക് ബിരുദധാരിയാണ്. ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയാണ് ഇയാൾ.
ഷാനവാസിനെ ഡൽഹി ജയ്ത്പുരിൽ നിന്നും റിസ്‌വാൻ, അർഷാദ് എന്നിവരെ യഥാക്രമം ഉത്തർപ്രദേശിലെ ലക്‌നൗവിൽനിന്നും മൊറാദാബാദിൽനിന്നുമാണ് പിടികൂടിയത്. ഷാനവാസിന്റെ ദില്ലി ഒളിത്താവളത്തിൽനിന്നു തോക്ക്, ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ, രാസവസ്തുക്കൾ, പാക്കിസ്ഥാനിൽനിന്നുള്ള ജിഹാദി പുസ്തകങ്ങൾ എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്ട്രീയ നേതാക്കളെയും ഷാനവാസ് ലക്ഷ്യമിട്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ചെറു സംഘങ്ങളായി ഐഎസ് മൊഡ്യൂളുകൾ രൂപീകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താനും ഇവർ പദ്ധതിയിട്ടു.
ദില്ലി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പരീക്ഷണ സ്ഫോടനങ്ങൾ ഇവർ നടത്തി. പാക് ചാരസംഘടനയുടെ സഹായവും ഇവർക്ക് ലഭിച്ചുവെന്നാണ് വിവരം. ഐഎസ് ഹാൻഡലറുമായി നിരന്തരം സമ്പർക്കം പുലർത്തുകയും പതിവായി പ്രവർത്തന റിപ്പോർട്ടുകൾ നൽകുകയും ചെയ്തിരുന്നെന്നും പൊലീസ് പറഞ്ഞു. ഷാഫി ഉസമ എന്നറിയപ്പെടുന്ന ഷഹ്നവാസും സംഘവും കേരളത്തിലും എത്തിയിരുന്നുവെന്ന ദില്ലി പോലീസ് സ്പെഷൽ സെല്ലിന്റെ കണ്ടെത്തലിന് പിന്നാലെ സംഭവത്തിൽ കേരളാ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ADGP മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല.അന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസിന്റെ ഇന്റലിജിൻസ് വിഭാഗം ദില്ലിയിലെത്തിയിട്ടുണ്ട്. അറസ്റ്റിലായവർ കേരളത്തിലുൾപ്പെടെ പശ്ചിമഘട്ടത്തിലെ വനമേഖലകളിൽ താമസിക്കുകയും ഐഎസ് പതാക നാട്ടി ഫോട്ടോയെടുക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ സ്പെഷൽ സെല്ലിന് ലഭിച്ചിട്ടുണ്ട്.

