Monday, June 3, 2024
spot_img

സഭാ നടപടികളെ തടസപ്പെടുത്തുന്ന വിധം ബഹളം !ലോക്സഭയിൽ 14 എംപി മാരെയും രാജ്യസഭയിൽ ഒരു എംപിയെയും സസ്‍പെൻഡ് ചെയ്തു

ദില്ലി : സഭാനടപടികള്‍ തടസ്സപ്പെടുത്തി ബഹളം വച്ചെന്നാരോപിച്ച് സസ്‌പെൻഡ് ചെയ്ത എംപി മാരുടെ എണ്ണം 15 ആയി. ആദ്യം അഞ്ച് എംപി മാരെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. ലോക്സഭയിൽ 14 എംപി മാരെയും രാജ്യസഭയിൽ ഒരു എംപിയെയുമാണ് സസ്‍പെൻഡ് ചെയ്തത്.

ഇതിൽ ഒമ്പത് പേർ കോൺഗ്രസ് എം പിമാരാണ്. എം പിമാരായ മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, ഡീൻ കുര്യക്കോസ്, രമ്യ ഹരിദാസ്, ഹെെബി ഈഡൻ, ​ ജ്യോതിമണി,​ വി കെ ശ്രീകണ്ഠൻ, ബെന്നി ബഹനാൻ, കനിമൊഴി,​ രാജ്യസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാൻ തുടങ്ങിയവരെയും സസ്പെൻഡ് ചെയ്തു. ഈ സമ്മേളന കാലയളവിലേയ്ക്കാണ് സസ്പെൻഷൻ. ലോക്സഭയിലെ സുരക്ഷാ വിഴ്ചയിൽ സർക്കാരിന്റെ പ്രസ്താവന ആവശ്യപ്പെട്ടാണ് ഇന്ന് പ്രതിപക്ഷം ലോക്സഭയിൽ ബഹളം വച്ചത്.

ഇന്നലെയുണ്ടായ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടു. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചുമതല ലോക്‌സഭാ സെക്രട്ടറിക്കാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞതോടെ സര്‍ക്കാരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം നടത്തി. പാർലമെന്റിൽ കഴിഞ്ഞ ദിവസമുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതുമെന്ന് ലോക്സഭാ സ്പീക്കർ ഓംബിർല അറിയിച്ചു.

അതേസമയം ലോക്സഭയിൽ ഇന്നലെ രണ്ടുപേർ അതിക്രമിച്ച് കയറിയ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് മേധാവിയ്ക്കാണ് കേസ് അന്വേഷണത്തിന്റെ പൂർണ ചുമതല നൽകിയിരിക്കുന്നത്. പ്രതികൾക്കെതിരെ അതിക്രമിച്ച് കടക്കൽ, ക്രിമിനൽ ഗൂഡാലോചന, പ്രകോപനത്തിലൂടെ കലാപമുണ്ടാക്കാനുളള ശ്രമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കു​റ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്​റ്റർ ചെയ്തിരിക്കുന്നത്.

Related Articles

Latest Articles