ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന് ജനങ്ങളുടെ വന്‍ പരക്കംപാച്ചില്‍. ജില്ലയിലെ മര്‍കുണ്ഡി താഴ്വരയിലാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ വന്‍തോതില്‍ ഡീസല്‍ റോഡിലേക്ക് ഒഴുകിയെത്തി. തീപിടിത്തത്തിന് വലിയ സാധ്യതയുണ്ടായിരുന്നിട്ടും, ഇതൊന്നും വകവെക്കാതെ നിരവധി നാട്ടുകാര്‍ ബക്കറ്റുകളും പാത്രങ്ങളുമായി ഒഴുകിപ്പോകുന്ന ഡീസല്‍ കോരിയെടുക്കാന്‍ സ്ഥലത്തേക്ക് ഓടിയെത്തി.
അപകടവിവരം അറിഞ്ഞ ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. മുഗള്‍സരായില്‍ നിന്ന് ഒഡീഷയിലേക്ക് ഡീസലുമായി പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. റോഡിലൂടെ ഡീസല്‍ ഒഴുകുന്നത് കണ്ടതോടെ യാത്രക്കാരും നാട്ടുകാരും ഉള്‍പ്പെടെയുള്ള വലിയൊരു കൂട്ടം ആളുകള്‍ ഇവിടെ തടിച്ചുകൂടുകയായിരുന്നു. സ്ത്രീകളും പുരുഷന്മാരും പാത്രങ്ങളിലും ബക്കറ്റുകളിലും ഇന്ധനം നിറച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വിവരമറിഞ്ഞ് ഗുര്‍മ പോലീസ് ഔട്ട്പോസ്റ്റ് ഇന്‍-ചാര്‍ജ് പോലീസ് സംഘത്തോടൊപ്പം സ്ഥലത്തെത്തി. പോലീസ് വരുന്നത് കണ്ടതോടെ ഡീസല്‍ ശേഖരിച്ചുകൊണ്ടിരുന്നവര്‍ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. റോഡില്‍ ഡീസല്‍ പടര്‍ന്നതിനാല്‍ തീപിടിത്തമുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി പോലീസ് ഉടനടി ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തുകയായിരുന്നു.
പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തത്. അപകടത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ പവന്‍ കുമാറിന് നിസ്സാര പരിക്കേറ്റു. പെട്ടെന്ന് ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് മര്‍കുണ്ഡി താഴ്വരയില്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

