യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും വീടുകള്‍ക്കുള്ളില്‍ തന്നെ തുടരണമെന്നും സൗദിയിലെ ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
‘നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സൗദി അറേബ്യയിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പുലര്‍ത്താനും, ആവശ്യാനുസരണം വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാനും, ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ പ്രാദേശിക അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും അഭ്യര്‍ത്ഥിക്കുന്നു,’ – എന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കൂടാതെ, നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാര്‍ത്തകളോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതില്‍ നിന്നും റീപോസ്റ്റ് ചെയ്യുന്നതില്‍ നിന്നും ഇന്ത്യന്‍ പൗരന്മാര്‍ പൂര്‍ണ്ണമായും വിട്ടുനില്‍ക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
റിയാദിലെ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും വി.എഫ്.എസ് (VFS) വഴിയുള്ള സേവനങ്ങളും നിലവില്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ആവശ്യമെങ്കില്‍ തുടര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ (PBSK) 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍ സേവനം സൗദിയിലെ ടോള്‍ ഫ്രീ നമ്പറായ 8002471234-ല്‍ ലഭ്യമാണ്.
സുരക്ഷാ സാഹചര്യം മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനക്കമ്പനികള്‍ ഒക്ടോബര്‍ 10 വരെയുള്ള റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ബാധിക്കപ്പെട്ട യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായും റീഫണ്ട് ചെയ്യുമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു.
യു.എസിനുള്ള സൗദിയുടെ പിന്തുണയെത്തുടര്‍ന്ന്, കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയിലെ വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, എണ്ണശാലകള്‍ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ അവകാശപ്പെട്ടിരുന്നു. സൗദി വ്യോമാതിര്‍ത്തി സൈനിക നടപടികള്‍ക്ക് ഉപയോഗിക്കുന്ന മേഖലയാണെന്നും അവിടെ സര്‍വീസ് നടത്തുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവസാന മുന്നറിയിപ്പ് നല്‍കുകയാണെന്നും വ്യാഴാഴ്ച അതിരാവിലെ ഹൂതികള്‍ ആഗോള വിമാനക്കമ്പനികളോട് വ്യക്തമാക്കിയിരുന്നു.
‘മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, ഒക്ടോബര്‍ 10 വരെയുള്ള റിയാദിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഞങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ബാധിക്കപ്പെട്ട യാത്രക്കാര്‍ക്ക് തീയതി മാറ്റുന്നതിനോ അല്ലെങ്കില്‍ പൂര്‍ണ്ണ തുക റീഫണ്ട് വാങ്ങുന്നതിനോ ഉള്ള സൗകര്യം നല്‍കുന്നുണ്ട്. സാഹചര്യം ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്,’ – എന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.
റിയാദില്‍ ശക്തമായ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതിന് തൊട്ടുപിന്നാലെ, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് സര്‍വീസ് വിവരങ്ങള്‍ ഉറപ്പാക്കാന്‍ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു.
റിയാദ്, അബഹ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സൗദി അധികൃതര്‍ ബുധനാഴ്ച സ്ഥിരീകരിച്ചു. ഹൂതി വിമതര്‍ക്കെതിരെ സൗദിയും യമന്‍ സഖ്യസേനയും ചേര്‍ന്ന് വന്‍കര-വ്യോമ ആക്രമണം ആരംഭിച്ചതിനു ശേഷം ഉണ്ടാകുന്ന ആദ്യത്തെ മരണങ്ങളാണിത്.

