Friday, January 9, 2026

ആലപ്പുഴയില്‍ പെണ്‍കുഞ്ഞ് മരിച്ച സംഭവം: കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴ: ഒന്നേകാല്‍ വയസ് പ്രായമുള്ള പെണ്‍കുഞ്ഞിനെ വീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ പൊലീസ് കസ്‌റ്റഡിയില്‍. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സംഭവം കൊലപാതകമാണെന്ന സംശയം ഉയര്‍ത്തിയതോടെയാണ് ഇവരെ കസ്‌റ്റഡിയില്‍ എടുത്തത്. കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിച്ച ശേഷം ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. മാതാപിതാക്കള്‍ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉറങ്ങിക്കിടന്നതിനുശേഷം ചലനമില്ലാതിരുന്ന കുട്ടിയെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു .ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി.

പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചുണ്ടിലെ പാടൊഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. കുട്ടി ഉച്ചവരെ കോളനിയില്‍ ഓടിക്കളിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടി ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് വ്യക്തമായത്.

Related Articles

Latest Articles