Saturday, April 27, 2024
spot_img

പരസ്യത്തിൽ 16 ബിസ്കറ്റുകൾ ! പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവ്;ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ഉപഭോക്തൃ കോടതി ; ഉപഭോക്താവ് ആവശ്യപ്പെട്ടിരുന്നത് കമ്പനിക്ക് നൂറു കോടി പിഴ ചുമത്തണമെന്നും പത്തു കോടി രൂപയുടെ നഷ്ടപരിഹാരത്തിനും

പരസ്യത്തിൽ അവകാശപ്പെടുന്ന എണ്ണത്തിനേക്കാൾ പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവായിരുന്നെന്ന ഉപഭോക്താവിന്റെ പരാതിയിൽ ബിസ്കറ്റ് കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി. ചെന്നൈ സ്വദേശിയായ പി ദില്ലിബാബുവിൻ്റെ പരാതിയിന്മേലാണ് കോടതി ശിക്ഷ വിധിച്ചത്. പാക്കറ്റിൽ 16 ബിസ്കറ്റിനു പകരം 15 ബിസ്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന പരാതിയിൽ തിരുവള്ളൂർ ജില്ലാ ഉപഭോക്തൃ കോടതിയുടേതാണ് വിധി.

പരസ്യത്തിൽ 16 ബിസ്കറ്റുകൾ ഒരു പാക്കറ്റിലുണ്ടെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും 15 എണ്ണമേ ഉണ്ടായിരുന്നുള്ളൂ എന്ന് പരാതിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയും എണ്ണമല്ല, തൂക്കമാണ് അടിസ്ഥാനമാക്കേണ്ടതെന്ന കമ്പനിയുടെ വാദം കോടതി തള്ളുകയും ചെയ്തു. ബിസ്‌കറ്റിന്റെ എണ്ണം പാക്കറ്റിൽ പറഞ്ഞിട്ടുണ്ടെന്നും അതിനാൽ തന്നെ അതാണ് ഉപഭോക്താക്കൾ വിലയിരുത്തതെന്നും ഇത് നോക്കിയാണ് പലരും ഉത്പന്നം വാങ്ങുന്നതെന്നും അതുകൊണ്ട് തന്നെ ഇത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കലാണെന്നും കോടതി നിരീക്ഷിച്ചു. ഇത് തെറ്റായ കച്ചവട രീതിയാണെന്നും കോടതി കുറ്റപ്പെടുത്തി. ഈ ബാച്ചിലുള്ള ബിസ്കറ്റ് വില്പന നിർത്തിവെക്കണമെന്നും കോടതി നിർദേശം നൽകി.

2021 ഡിസംബറിലാണ് മണാലിയിലെ ഒരു കടയിൽ നിന്ന് പരാതിക്കാരൻ 2 ബിസ്കറ്റ് പാക്കറ്റുകൾ വാങ്ങിയത്. ഇതിൽ ഒരു പാക്കറ്റിൽ 15 ബിസ്കറ്റുകളേ ഉണ്ടായിരുന്നുള്ളൂ. വിശദീകരണം തേടി കമ്പനിയെ സമീപിച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അതിനാലാണ് പരാതിയുമായി മുന്നോട്ട് പോയതെന്നും പരാതിക്കാരൻ പറഞ്ഞു. കമ്പനിക്ക് നൂറു കോടി പിഴ ചുമത്തണമെന്നും പത്തു കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം.

Related Articles

Latest Articles