Friday, May 10, 2024
spot_img

പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജൻഡ വ്യക്തമാക്കാത്തതിനെതിരെ പ്രധാനമന്ത്രിക്കു കത്തു നൽകി സോണിയ ഗാന്ധി; സോണിയയ്ക്ക് കീഴ്‌വഴക്കങ്ങളേക്കുറിച്ച് ധാരണയുണ്ടാവില്ലെന്ന പരിഹാസവുമായി പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി !

ദില്ലി : ഈ മാസം 18 മുതൽ 22 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജൻഡ വ്യക്തമാക്കാത്തതിനെതിരെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രധാനമന്ത്രിക്കു കത്തു നൽകിയതിനെ പരിഹസിച്ച് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി രംഗത്ത് വന്നു. സോണിയയ്ക്ക് ഒരുപക്ഷേ കീഴ്‌വഴക്കങ്ങളേക്കുറിച്ച് ധാരണയുണ്ടാവില്ലെന്നും സമ്മേളനം ആരംഭിച്ച ശേഷമാണ് സർക്കാർ പ്രതിപക്ഷവുമായി അജൻഡ ചർച്ച ചെയ്യാറുള്ളതെന്നുമാണ് പ്രഹ്ളാദ് ജോഷി പ്രതികരിച്ചത്.

‘‘കീഴ്‌വഴക്കങ്ങൾ അനുസരിച്ചാണ് ഈ സമ്മേളനം വിളിച്ചുകൂട്ടുന്നത്. നിങ്ങൾ ഒരുപക്ഷേ അതു ശ്രദ്ധിക്കുന്നുണ്ടാവില്ല. സമ്മേളനത്തിനു മുന്‍പ് രാഷ്ട്രീയ കക്ഷികളുമായി ഒന്നും ചർച്ച ചെയ്യാറില്ല. സമ്മേളനം ആരംഭിച്ച ശേഷം എല്ലാ പാർട്ടി നേതാക്കൾക്കും മുൻപാകെയാണ് വിഷയം അവതരിപ്പിക്കുകയും ചർച്ച നടത്തുകയും ചെയ്യുന്നത്. മുൻപും സര്‍ക്കാരുകള്‍ ചെയ്തിരുന്നത് ഇങ്ങനെയാണ്. സോണിയ രാഷ്ട്രീയം കളിക്കുകയാണ്.” പ്രഹ്ളാദ് ജോഷി പറഞ്ഞു.

രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് ഒഴിവാക്കി, ‘ഭാരത്’ എന്നു മാത്രമാക്കാനുള്ള നീക്കം നടക്കുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തു നൽകിയത്. മണിപ്പുർ കലാപം, കേന്ദ്ര–സംസ്ഥാന ബന്ധം, വര്‍ഗീയ പ്രശ്നങ്ങൾ, ഇന്ത്യാ–ചൈന അതിർത്തി തര്‍ക്കം തുടങ്ങി ചർച്ചയ്ക്ക് പരിഗണിക്കാവുന്ന 9 വിഷയങ്ങളും കത്തിൽ പറയുന്നുണ്ട്.

ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ ‘ എന്നതിനു പകരം, ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതോടെയാണ് രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിൽ നിന്ന് ഭാരത് എന്നാക്കി മാറ്റുന്നു എന്നതരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുവാൻ ആരംഭിച്ചത്. സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിലാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക രേഖകളിൽ രാഷ്ട്രപതിയുടെ പേര് ഇതിനു മുൻപ് ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്.

ഇതിന് പുറമെ സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുമെന്നറിയിച്ച പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ എന്ന സുപ്രധാന ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. ദേശീയ മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തുവെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ ഉദ്ദേശിക്കുന്നതാണ് ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ. ഇതുവഴി പലപ്പോഴായി നടക്കുന്ന തെരഞ്ഞെടുപ്പുകൾ മൂലമുണ്ടാകുന്ന പണച്ചെലവ് ഒഴിവാക്കാനും ഈ പണം വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുമാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. ഈ ആശയം മുൻപും പലതവണ ഉന്നയിക്കപ്പെട്ടിരുന്നു. നിലവിൽ, ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതത് സഭകളുടെ കാലാവധിയുടെ അവസാനിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പി’ലൂടെ ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ ബില്ലിന് പുറമെ ഏകീകൃത സിവിൽ കോഡ്, വനിതാ സംവരണം എന്നിവ സംബന്ധിച്ച ബില്ലുകളും പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

Related Articles

Latest Articles