അമേരിക്കയെ നടുക്കി ഡൊണാൾഡ് ട്രമ്പിനെതിരെ വധശ്രമം!! വെടിയുതിർത്ത അക്രമി പിടിയിൽ
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പങ്കെടുത്ത ഔദ്യോഗിക ചടങ്ങിനിടെയുണ്ടായ വെടിവെപ്പ് . വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി മാദ്ധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച വിരുന്നിനിടെയാണ് അപ്രതീക്ഷിതമായി വെടിയൊച്ചകൾ മുഴങ്ങിയത്. അമേരിക്കൻ ഭരണകൂടത്തിലെ പ്രമുഖരെല്ലാം ഒത്തുചേർന്ന വേദിയിലാണ് അക്രമി വെടിയുതിർത്തത്. ഇതോടെ ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ വലിയ പരിഭ്രാന്തിയും ഭീതിയും പടർന്നു.
വെടിയൊച്ച കേട്ട ഉടൻ തന്നെ അതീവ ജാഗ്രത പാലിച്ച സുരക്ഷാ ഉദ്യോഗസ്ഥർ ട്രമ്പിനെയും പ്രഥമ വനിത മെലാനിയയെയും വലയത്തിലാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ട്രമ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളയുന്നതിന്റെയും വേദിയിൽ നിന്ന് വേഗത്തിൽ ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയിലുണ്ടായ ഈ അതിക്രമം യുഎസ് സുരക്ഷാ ഏജൻസികളെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല എന്നത് വലിയ ആശ്വാസമായി. വെടിയുതിർത്ത വ്യക്തിയെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. ഇയാളുടെ ലക്ഷ്യത്തെക്കുറിച്ചോ പശ്ചാത്തലത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വൈറ്റ് ഹൗസും രഹസ്യാന്വേഷണ വിഭാഗവും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതീവ സുരക്ഷാ സന്നാഹങ്ങൾക്കിടയിലും എങ്ങനെയാണ് ഒരാൾ ആയുധവുമായി വിരുന്നിനെത്തിയതെന്ന കാര്യം ഗൗരവകരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

