Monday, April 29, 2024
spot_img

ഭാരതത്തിന്റെ ഒഫീഷ്യൽ എൻട്രിയായി മലയാളത്തിന്റെ 2018; കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തിന്റെ കഥപറയുന്ന ജൂഡ് ആന്തണിയുടെ സർവൈവൽ ഡ്രാമ ഇനി ഓസ്കാർ പ്രതീക്ഷ; മലയാളത്തിന്റെ എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് ഹിറ്റ് ഇനി ലോകത്തെ വിസ്മയിപ്പിക്കുമോ?

ദില്ലി: 2024 ഓസ്കാറിലേക്ക് ഭാരതത്തിന്റെ ഒഫീഷ്യൽ എൻട്രിയായി ജൂഡ് ആന്തണി ജോസെഫ് ചിത്രമായ ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ തെരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ആണ് രാജ്യത്തിന്റെ ഒഫീഷ്യൽ എൻട്രി ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നത്.കേരളത്തെ പിടിച്ചു കുലുക്കിയ 2018 ലെ പ്രളയത്തിന്റെ കഥ പറയുന്ന സർവൈവൽ ഡ്രാമയാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രമാണ് 2018.

കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത 2018 എന്ന വർഷവും ആ വർഷത്തിൽ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റെതാണ് സഹതിരക്കഥ. അഖിൽ ജോർജ്ജാണ് ഛായാ​ഗ്രാഹകൻ. ചമൻ ചാക്കോ ചിത്രസംയോജനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിൻ പോളും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

സിനിമ കേരളത്തിൽ വലിയ ജനപ്രീതി നേടിയിരുന്നു. ബോക്സോഫീസ് കളക്ഷനിൽ മുൻപന്തിയിൽ നിന്നിരുന്ന ‘പുലിമുരുകൻ’, ‘ലൂസിഫർ’ എന്നീ ചിത്രങ്ങളെ ഒറ്റയടിക്ക് പിൻതള്ളികൊണ്ടാണ് ജൂഡ് ആന്തണി ജോസഫിന്റെ 2018 ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 200 കോടിയിലധികം രൂപയുടെ ബോക്സ് ഓഫീസ് കളക്ഷൻ നേടി മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറിയിരുന്നു.

Related Articles

Latest Articles