Tuesday, October 6, 2026

മണിപ്പൂരില്‍ 60 സീറ്റിലും മത്സരിക്കാൻ ബിജെപി; മത്സരിക്കാൻ മുസ്‌ലിം സ്ഥാനാർത്ഥിയും; പട്ടിക ഇങ്ങനെ

ഇംഫാൽ: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ (Manipur Polls) 60 സീറ്റുകളിലും ബിജെപി (BJP) മത്സരിക്കും. ബിജെപിയിൽ ചേർന്ന 16 എംഎൽഎമാരിൽ 10 മുൻ കോൺഗ്രസ് നേതാക്കൾക്ക് മണിപ്പൂരിൽ ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ആകെ മൂന്ന് സ്ത്രീകൾ മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. അതേസമയം, ഒരു മുസ്‌ലിമും പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി എന്‍ ബിരെന്‍ സിങ് ഇത്തവണയും ഹെനിങ്ഗാങ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. മുന്‍ ഫുട്‌ബോള്‍ താരവും ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്യാപ്റ്റനുമായിരുന്ന സോമതായ് ഷായ്‌സ ഉഖ്‌റുവില്‍ മത്സരിക്കും. കോൺഗ്രസ്സിലെ നേതാക്കളടക്കം ആകെ 13 പേരാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയിരിക്കുന്നത്. ഇതിൽ പത്തുപേരും നിലവിലെ നിയമസഭയിലേക്ക് അതാത് മണ്ഡലങ്ങളിൽ നിന്നും ജയിച്ചുവന്നവരാണ്.

നിലവില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരാണ് മണിപ്പൂര്‍ ഭരിക്കുന്നത്. ബിജെപിക്ക് 30 എംല്‍എമാരാണുള്ളത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മൂന്നും നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ നാലും മൂന്നു സ്വതന്ത്രന്‍മാരും അടങ്ങുന്നതാണ് എന്‍ഡിഎ സര്‍ക്കാര്‍. 2017ലെ തിരഞ്ഞെടുപ്പിൽ ബിജെപി 21 സീറ്റുകൾ നേടിയെങ്കിലും ചെറുകക്ഷികളുടെയും സ്വതന്ത്ര എംഎൽഎമാരുടെയും സഹായത്തോടെ സർക്കാർ രൂപീകരിച്ചു. ഇതിൽ 19 എംഎൽഎമാർക്ക് പാർട്ടി ടിക്കറ്റ് നൽകുകയും രണ്ട് പേരെ ഒഴിവാക്കുകയും ചെയ്തതായി ബിജെപി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

Related Articles

Latest Articles