Sunday, October 25, 2026

ഗുരു രവിദാസ് പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ നായകൻ: ജയന്തി ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളൊരുക്കി ബിജെപി

വാരണാസി: ഗുരു രവിദാസ് ജയന്തിയുടെ (Guru Ravidas Jayanti) പശ്ചാത്തലത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് ബിജെപി. എസ്‌സി മോർച്ചയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് ബ്ലോക്ക് തലത്തിൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. കൂടാതെ, ജയന്തിക്ക് മുന്നോടിയായി രവിദാസ് ക്ഷേത്രം സന്ദർശിക്കാൻ എത്തുന്ന ലക്ഷക്കണക്കിന് ഭക്തരെ സഹായിക്കുമെന്നും പാർട്ടി അറിയിച്ചു. ഇത്തവണ തിരഞ്ഞെടുപ്പും, ജയന്തിയും ഒന്നിച്ചുവന്നതോടെ ക്ഷേത്രത്തിന്റെ പ്രാധാന്യവും ഉയർന്നിരിക്കുകയാണ്. കൂടാതെ രവിദാസ് ജയന്തി കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ പഞ്ചാബിലെ വോട്ടെടുപ്പ് തീയതി ഫെബ്രുവരി 14ൽ നിന്ന് 20 ലേയ്ക്ക് മാറ്റിയിരുന്നു.

വാരണാസിക്ക് സമീപം പതിനഞ്ചാം നൂറ്റാണ്ടിലാണ് കവിയും ആത്മീയ നേതാവും, സന്യാസിയുമായ ഗുരു രവിദാസ് ജനിച്ചത്. രവിദാസിയാസ് എന്നറിയപ്പെടുന്ന ദളിതരുടെ വലിയൊരു വിഭാഗത്തിന്റെ ഗുരുവായി ഇദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഒരു ഗുരുവായി മാനിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങൾ ഭക്തിപ്രസ്ഥാനത്തിനെ ഗണ്യമായി സ്വാധീനിച്ചു. അദ്ദേഹമൊരു യോഗി-കവിയും സാമൂഹിക പരിഷ്കർത്താവും ആത്മീയഗുരുവുമായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സിഖ് മതത്തിൽ നിന്നും ഉത്ഭവിച്ച രവിദാസ്യ മതത്തിന്റെ സ്ഥാപകനായി അദ്ദേഹത്തെ കണക്കാക്കുന്നു.

രാവിദാസ് ജന്മസ്ഥാൻ മന്ദിറിൽ ഫെബ്രുവരി 16 നു നടക്കുന്ന ജയന്തി ആഘോഷങ്ങൾക്കായി ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇക്കുറി രാഷ്ട്രീയ പ്രവർത്തകരെ ആരെയും ക്ഷേത്രം ട്രസ്റ്റ് ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നാൽ, തീർഥാടകരായി രാഷ്ട്രീയക്കാരുടെ പ്രവാഹം തന്നെയുണ്ടാകുമെന്നാണ് സൂചന. രാഷ്ട്രീയ നേതാക്കൾ വരുന്നതിനും പ്രാർത്ഥിക്കുന്നതിനും തടസമില്ലെങ്കിലും, പ്രസംഗിക്കാൻ അനുവദിക്കില്ലെന്നു ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി 2016, 2018 വർഷങ്ങളിൽ ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു 2018 ലെ ജയന്തി ആഘോഷത്തിൽപങ്കെടുത്തത്തതിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, നിലവിലെ വികസന പ്രവർത്തങ്ങൾ വിലയിരുത്താനായി പല തവണ ക്ഷേത്രം സന്ദർശിച്ചിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് വേളയിൽ എസ്.പി-ബി.എസ്.പി. സഖ്യം തങ്ങളുടെ റാലി നടത്താൻ തെരഞ്ഞെടുത്തത്. ക്ഷേത്രത്തിന്റെ സത്സം ഗ്രൗണ്ട് ആയിരുന്നു.

സിഖുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിൽ രവിദാസിന്റെ ഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുമതത്തിലെ ദദ്ദുപന്തി വിഭാഗത്തിന്റെ പഞ്ച്‌വാണി ഗ്രന്ഥത്തിലും രവിദാസിന്റെ നിരവധി കവിതകളടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ സ്വതന്ത്രമായി കൈമാറി വന്ന വലിയൊരു കൂട്ടം ഗീതങ്ങൾ രവിദാസിന്റെ കൃതികളാണെന്ന് അവകാശവാദങ്ങളുണ്ട്. ജാതി, ലിംഗ അസമത്വങ്ങളുടെ ഉന്മൂലനവും ആത്മീയസ്വാതന്ത്ര്യങ്ങളുടെ അന്വേഷണത്തിനായുള്ള ഐക്യവും രവിദാസിന്റെ സന്ദേശങ്ങളിൽ അടങ്ങിയിരിക്കുന്നു. ഭഗത് എന്ന ബഹുമാനസൂചകത്തോടെയാണ് പലപ്പോഴും അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നത്. രവിദാസ്, റയിദാസ്, റൊഹിദാസ്, റുഹിദാസ് എന്നിങ്ങനെ പല രീതിയിൽ പേര് എഴുതിക്കാണാറുണ്ട്.

Related Articles

Latest Articles