ഹൈദരാബാദ്: 216 അടി ഉയരത്തിലുള്ള ശ്രീമദ് രാമാനുജാചാര്യരുടെ പ്രതിമ (Srimad Ramanujacharya Statue In Hyderabad) പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ”സമത്വത്തിന്റെ ശിൽപം” (Statue Of Equality)എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഹൈദരാബാദിലെ ഷംഷാബാദിൽ 45 ഏക്കർ സമുച്ചയത്തിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. ശ്രീരാമാനുജാചാര്യരുടെ 1000ാം ജന്മവാർഷിക ആഘോഷമായ 12 ദിവസത്തെ ശ്രീരാമാനുജ സഹസ്രാബ്ദി സമാരോഹത്തിന്റെ ഭാഗമായാണ് പ്രതിമയുടെ ഉദ്ഘാടനം.
ആഗോളതലത്തിലെ ആശ്രമത്തിന്റെ അനുയായികൾ സംഭാവന ചെയ്ത 1000 കോടിരൂപയ്ക്കാണ് രാമാനുജാചാര്യ പ്രതിമയും ഗവേഷണകേന്ദ്രവും മ്യൂസിയവും പണിതീർത്തിരിക്കുന്നത്. സ്വർണം, വെള്ളി, ചെമ്പ്, പിച്ചള, സിങ്ക് തുടങ്ങിയ അഞ്ച് തരം ലോഹങ്ങൾ ഉപയോഗിച്ചാണ് പ്രതിമയുടെ നിർമ്മാണം. അതേസമയം രാമാനുജാചാര്യ 120 വർഷം ജീവിച്ചിരുന്നതിന്റെ സ്മരണാർത്ഥം 120 കിലോ സ്വർണം ഉപയോഗിച്ചാണ് ശ്രീകോവിലിനുള്ളിലെ രാമാനുജാചാര്യരുടെ പ്രതിഷ്ഠ നിർമിച്ചിരിക്കുന്നത്.

