Monday, October 5, 2026

ദില്ലിയിൽ 24 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു: ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപന ശേഷി

ദില്ലി: രാജ്യത്ത് ഒമിക്രോൺ രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. ദില്ലിയിൽ 24 പേർക്ക് കൂടി ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചു. നിലവിൽ രോ​ഗബാധ സ്ഥിരീകരിച്ചവരിൽ 19 പേരും വിദേശത്ത് നിന്നുവന്നവരാണ്.

അതേസമയം ഇന്ത്യയിൽ രോ​ഗബാധിതരുടെ എണ്ണം 200 കവിഞ്ഞ് മുന്നേറുന്ന സാഹചര്യത്തിൽ മൂന്നാം തരം​ഗത്തിനുള്ള സാധ്യതകൾ തള്ളാൻ കഴിയില്ലെന്ന് വിദ​ഗ്ധർ പറയുന്നു. ഒമിക്രോണിന് ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജില്ലാ പ്രാദേശിക അടിസ്ഥാനത്തിൽ കർശന നിരീക്ഷണവും, പരിശോധനയും ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

ഇതേതുടർന്ന് 10 ശതമാനത്തിന് മുകളിൽ പോസിറ്റീവിറ്റി നിരക്കുള്ള സ്‌ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം. പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വാർ റൂമുകൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാമെന്ന ദീർഘവീക്ഷണത്തോടെ തയ്യാറെടുപ്പുകൾ നടത്താനാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അയച്ച കത്തിൽ വ്യക്തമാക്കുന്നത്.

മാത്രമല്ല ഒമിക്രോൺ ഭീഷണിക്ക് ഒപ്പം തന്നെ ഡെൽറ്റ വകഭേദം ഇപ്പോഴും സാന്നിധ്യമറിയിക്കുന്ന സംസ്ഥാനങ്ങളുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു. പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറെടുപ്പുകൾ ക്രമീകരിക്കാനാണ് നിർദേശം. അപകടസാധ്യത കണക്കിലെടുത്തുവേണം പ്രവർത്തനം താഴേത്തട്ടിൽ ഏകോപിപ്പിക്കാനെന്നും കേന്ദ്ര നിർദേശത്തിൽ പറയുന്നു. രോഗവ്യാപനം തടയാൻ ആവശ്യമെങ്കിൽ നൈറ്റ് കർഫ്യൂ, ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികളുടെ നിയന്ത്രണം, ഓഫീസുകളിലെ ഹാജർ ക്രമീകരണം, പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ നിയന്ത്രണം എന്നിവയും ക്രമീകരിക്കാനും നിർദേശമുണ്ട്.

Related Articles

Latest Articles