അയോദ്ധ്യയിലെ ഒരു റസ്റ്റോറൻ്റ് ചായയ്ക്കും ബ്രഡിനും അമിത നിരക്ക് ഈടാക്കിയെന്ന് വ്യക്തമാക്കുന്ന ബിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത് കഴിഞ്ഞ ദിവസമാണ്. ‘ശബരി രസോയ്’ എന്ന റസ്റ്റോറൻ്റിൽ രണ്ട് കപ്പ് ചായയ്ക്കും രണ്ട് ‘വൈറ്റ് ബ്രഡിനും നികുതിയടക്കം 252 രൂപ ഈടാക്കി എന്ന് വ്യക്തമാക്കുന്ന രസീതാണ് വൈറലായത്.
സംഭവത്തിൽ റസ്റ്റോറൻ്റ് ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് അധികൃതർ. ഒരു കപ്പ് ചായയും രണ്ട് കഷണം ബ്രഡും 10 രൂപയ്ക്ക് ലഭ്യമാക്കുന്ന ബജറ്റ് വിഭാഗത്തിൽ ലിസ്റ്റു ചെയ്തിരിക്കുന്ന ഹോട്ടലാണിത്. ശ്രീരാമക്ഷേത്രത്തിന് സമീപമുള്ള തെഹ്‌രി ബസാറിൽ അയോദ്ധ്യ ഡവലപ്മെന്റ് അതോറിറ്റി പുതുതായി നിർമ്മിച്ച ബഹുനില വാണിജ്യ കെട്ടിടമായ അരുന്ധതി ഭവനിലാണ് റെസ്റ്റോറൻ്റ് സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള എം/എസ് കവാച്ച് ഫെസിലിറ്റി മാനേജ്‌മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്റോറൻ്റ്. വിഷയത്തിൽ മൂന്ന് ദിവസത്തിനകം വ്യക്തത വരുത്താൻ എഡിഎ റെസ്റ്റോറൻ്റിനോട് നിർദ്ദേശിച്ചു, ഇല്ലെങ്കിൽ അതോറിറ്റി കരാർ റദ്ദാക്കും.
ശ്രീരാമ ക്ഷേത്ര ദർശനത്തിനായി നഗരത്തിലെത്തുന്ന സാധാരണക്കാരായ ഭക്തർക്ക് കുറഞ്ഞ ചിലവിൽ മികച്ച ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാൻ നിരവധി ഹോട്ടൽ നടത്തിപ്പുകാർക്ക് അയോദ്ധ്യ ഡവലപ്മെന്റ് അതോറിറ്റി കരാർ നൽകിയിരുന്നു. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴികെയുള്ള എല്ലാ ഹോട്ടലുകളും ഇത്തരത്തിൽ ബജറ്റ് വിഭാഗത്തിൽ ലിസ്റ്റു ചെയ്തിരിക്കുന്നവയാണ്. ഇതിന് പുറമെ നഗരത്തിന്റെ വിവിധയിടങ്ങളിൽ സൗജന്യഭക്ഷണ വിതരണവും നടക്കുന്നുണ്ട്

