Friday, May 24, 2024
spot_img

മണിപ്പുരിൽ കൈവശം ചൈനീസ് നിർമിത ആയുധങ്ങളുമായി 3 അക്രമികൾ പിടിയിൽ; സംഭവം അമിത് ഷാ മണിപ്പൂരിൽ എത്താനിരിക്കെ

ഇംഫാൽ : സംഘർഷം അതിരൂക്ഷമായി തുടരുന്ന മണിപ്പുരിൽ ആയുധങ്ങളുമായി മൂന്ന് അക്രമികളെ സൈന്യം പിടികൂടി. ഇവരിൽ നിന്ന് ചൈനീസ് നിർമിത ആയുധങ്ങളുൾപ്പെടെയാണ് പിടിച്ചെടുത്തത്. 3 ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിൽ എത്തുന്നതിനു മുൻപേയാണ് ചൈനീസ് നിർമ്മിത ആയുധങ്ങളുമായി അക്രമികളെ സൈന്യം പിടികൂടിയത്.

ഇംഫാലിൽ സിറ്റി കൺവെൻഷൻ സെന്റർ പ്രദേശത്തു സംശയകരമായ നിലയിൽ കാറിൽ നാലുപേർ യാത്ര ചെയ്യുന്നുണ്ടെന്നു സുരക്ഷാസേനയ്ക്കു വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേരെ സേന പിന്നാലെ ഓടി പിടികൂടുകയായിരുന്നു. ഇവരിൽനിന്നു ചൈനീസ് ഹാൻഡ് ഗ്രനേഡ്, ഡിറ്റണേറ്റർ എന്നിവയും ഇൻസാസ് റൈഫിൾ ഉൾപ്പെടെയുള്ളവയും കണ്ടെടുത്തു.

അതേസമയം, മണിപ്പുരിൽ എത്തുന്ന അമിത് ഷാ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായും സുരക്ഷ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ശനിയാഴ്ച മണിപ്പുരിലെത്തി ക്രമസമാധാനനില വിലയിരുത്തിയിരുന്നു. ഇന്നലെ അക്രമത്തിൽ പൊലീസുകാരൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. മണിപ്പുർ പൊലീസിന്റെ കമാൻഡോ വിഭാഗവും കുക്കി ഗോത്രവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 40 പേർ കൊല്ലപ്പെട്ടു.

കുകി, നാഗ എന്നിവയടക്കമുള്ള ഗോത്ര വിഭാഗങ്ങളും മെയ്തെയ് വിഭാഗവും തമ്മിലാണ് മണിപ്പൂരിൽ സംഘർഷമുണ്ടായത് . മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ നടത്തിയ പ്രതിഷേധമാണ് പിന്നീട് സംഘർഷമായി വളർന്നത്. കലാപത്തിൽ 50ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിരവധി വീടുകൾ അഗ്നിക്കിരയായി.

മണിപ്പുരിലെ ഏറ്റവും വലിയ ജനവിഭാഗമായ മെയ്തെയ് ജനസംഖ്യയുടെ 64% വരും. മ്യാൻമറിൽ നിന്നു കുടിയേറിയ കുകികൾ, മണിപ്പുരിലെ മലനിരകളിൽ വാസമുറപ്പിക്കുകയായിരുന്നു. താഴ്വരയിലാണ് മെയ്തെയ് വിഭാഗക്കാർ താമസിക്കുന്നത്. ഭൂരിപക്ഷമായ തങ്ങൾക്കു 10% സ്ഥലം മാത്രമുള്ളപ്പോൾ,ന്യൂനപക്ഷമായ ഗോത്ര വിഭാഗക്കാർ മറ്റു ഭൂപ്രദേശങ്ങൾ കയ്യടക്കിവച്ചിരിക്കുകയാണെന്നാണ് മെയ്തെയ് വിഭാഗത്തിന്റെ പരാതി. ഈ മാസം 3ന് ആരംഭിച്ച വംശീയകലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കുക്കി സായുധ ഗ്രൂപ്പുകൾക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് മെയ്തെയ് തീവ്രവിഭാഗങ്ങൾ സ്വന്തം വിഭാഗത്തിൽപെട്ട മന്ത്രിമാരുടെ വീടുകൾ ആക്രമിക്കുകയാണ്. അസം റൈഫിൾസിനെയും ഇന്ത്യൻ കരസേനയയെയും പിൻവലിക്കണമെന്നും പകരം മണിപ്പുർ പൊലീസിനെ വിന്യസിക്കണമെന്നുമാണ് അവരുടെ ആവശ്യം. അസം റൈഫിൾസ് കുക്കി സായുധഗ്രൂപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ഭരണകക്ഷി എംഎൽഎമാർ ആരോപിച്ചു.

Related Articles

Latest Articles