അയോധ്യ ഭൂമി തർക്ക വിഷയത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് സുപ്രീംകോടതി മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയോഗിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണ ഘടനാ ബഞ്ചാണ് ഉത്തരവിട്ടത്. സുപ്രീംകോടതി മുൻ ജസ്റ്റിസ് ഖലീഫുള്ളയാണ്​ സമിതിയുടെ അധ്യക്ഷൻ. ശ്രീ.ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പിഞ്ചു എന്നിവരും സമിതിയിൽ അംഗങ്ങളാണ്​.​

ഫൈസബാദിലാണ്​ മധ്യസ്ഥ ചർച്ച നടത്തുക. ഉത്തർപ്രദേശ്​ സർക്കാർ മധ്യസ്ഥ സംഘത്തിന്​ സൗകര്യമൊരുക്കണം. ചർച്ചയുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട്​ ചെയ്യുന്നതിന്​ മാധ്യമങ്ങൾക്ക്​ വിലക്കുണ്ട്​​. ചർച്ചകൾ രഹസ്യമായിരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ഒരാഴ്​ചക്കകം ചർച്ച ആരംഭിക്കണം. ഏട്ട്​ ആഴ്​ചക്കകം ചർച്ച പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്​. ചർച്ചയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തും. മധ്യസ്ഥ ചർച്ചകൾക്ക്​ നിലവിൽ ഒരു തടസവുമില്ലെന്നും സുപ്രീംകോടതി വ്യക്​തമാക്കി.