Friday, April 26, 2024
spot_img

അമേരിക്കന്‍ നാവികസേനയെ പോലും വിറപ്പിക്കുന്ന റഷ്യന്‍ ആണവ മുങ്ങിക്കപ്പല്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ; 300 കോടി ഡോളറിന്റെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

ദില്ലി : അമേരിക്കന്‍ നാവികസേനയോട് കിടപിടിക്കുന്ന റഷ്യന്‍ ആണവ മുങ്ങിക്കപ്പല്‍ സ്വന്തമാക്കാനുള്ള കരാര്‍ ഇന്ത്യ ഒപ്പുവച്ചു. റഷ്യയില്‍ നിന്ന് അകുല ക്ലാസ് ആണവ മുങ്ങിക്കപ്പല്‍ പാട്ടത്തിനെടുക്കാനാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച്‌ 300 കോടി ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യന്‍ നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ മുങ്ങിക്കപ്പലില്‍ മാറ്റങ്ങള്‍ വരുത്തിയശേഷം സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ റഷ്യയില്‍ നിന്ന് പാട്ടത്തിനെടുത്തിരിക്കുന്ന ചക്ര 2 ആണവ മുങ്ങിക്കപ്പലിന് പകരമായി ചക്ര 3 എന്ന പേരിലാണ് ഇത് എത്തുക. 2025 ല്‍ മുങ്ങിക്കപ്പല്‍ ഇന്ത്യയ്ക്ക് കൈമാറാനാണ് തീരുമാനം.
550 കോടി ഡോളറിന്റെ എസ്-400 മിസൈല്‍ സംവിധാനം വാങ്ങാന്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം റഷ്യയ്ക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന മറ്റൊരു വലിയ കരാറാണ് ഇത്.

നിലവില്‍ റഷ്യയില്‍ നിന്ന് പാട്ടത്തിനെടുത്തിരിക്കുന്ന ചക്ര 2വിന്റെ പാട്ടക്കാലാവധി 2022ല്‍ അവസാനിക്കും. ഇത് അഞ്ച് വര്‍ഷത്തേക്ക് നീട്ടിയേക്കുമെന്നും സൂചനയുണ്ട്. ചക്ര 3 സാങ്കേതിക പരീക്ഷണങ്ങളും മറ്റും നടത്തി പൂര്‍ണമായും സേനയുടെ ഭാഗമാകുന്നതിന് സമയമെടുക്കുമെന്നതിനാലാണ്.

മറ്റ് അന്തര്‍വാഹിനികളില്‍ നിന്ന് വ്യത്യസ്തമായി ആണവോര്‍ജത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. മാസങ്ങളോളം കടലിനടിയില്‍ ഒളിഞ്ഞിരിക്കാനും സാധിക്കും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയ്ക്ക് നിര്‍ണായക മേല്‍ക്കൊയ്മയാണ് ആണവ മുങ്ങിക്കപ്പലുകള്‍ നല്‍കുന്നത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച അരിഹന്ത് ആണവ മുങ്ങിക്കപ്പല്‍ നിലവില്‍ സേനയുടെ ഭാഗമാണ്. ഒരെണ്ണം നിര്‍മ്മാണ ഘട്ടത്തിലുമാണ്. രണ്ടെണ്ണം കൂടി നിര്‍മിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്. ഇവ പൂര്‍ത്തിയാകുന്നതോടെ ആണവ അന്തര്‍വാഹിനികള്‍ പാട്ടത്തിനെടുക്കുന്നത് ഇന്ത്യ നിറുത്തിയേക്കും.

Related Articles

Latest Articles