Monday, May 20, 2024
spot_img

മൂന്ന് വർഷത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത് 42 കൊടും കുറ്റവാളികൾ; കണ്ടുപിടിക്കുന്നതിലും നിരീക്ഷിക്കുന്നതിലും പോലീസിന് ഗുരുതര വീഴ്ച്ച; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ശിക്ഷാകാലാവധിക്കിടെ മുങ്ങുന്ന കുറ്റവാളികളെ കണ്ടുപിടിക്കുന്നതിലും നിരീക്ഷിക്കുന്നതിലും പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കണക്കുകള്‍. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത് 42 കൊടും കുറ്റവാളികളാണ്. ഇവരിൽ 25 പേരെ മാത്രമാണ് പോലീസിന് പിടികൂടാനായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്നും 70 പ്രതികളാണ് പരോളിൽ ഇറങ്ങി മുങ്ങിയത്. ഇതിൽ 67 പേർ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണ്.

സംസ്ഥാനത്ത് സ്ഥിരം കുറ്റവാളികളെ കണ്ടെത്താനും ജയിൽ ചാടിയവരെ പിടികൂടാനും ശക്തമായ സംവിധാനങ്ങളുണ്ടെന്ന ആഭ്യന്തര വകുപ്പിന്റെ വാദം നിലനിൽക്കുമ്പോഴാണ് ഇത്രയും ഗുരുതര വീഴ്ച്ചകൾ തെളിയിക്കുന്ന കണക്കുകൾ പുറത്ത് വരുന്നത്. കൊലപാതകം, ബലാല്‍സംഗം അടക്കമുളള ഗുരുതര കേസുകളില്‍ വിചാരണ നീണ്ടു പോകുന്നതും കൊടും ക്രിമിനലുകള്‍ക്ക് കൂടുതൽ കുറ്റകൃത്യങ്ങള്‍ക്ക് അവസരമൊരുക്കുന്നുണ്ട്. കൊവിഡ് കാലത്ത് വയോധികയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലായിരുന്ന മുജീബ് റഹ്മാന്‍ ജാമ്യത്തിൽ ഇറങ്ങിയ ശേഷമായിരുന്നു അനുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന സസ്പെക്റ്റ് ലിസ്റ്റ്, മൂന്നിലധികം കേസുകളില്‍ ശിക്ഷക്കപ്പെട്ടവരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന കെഡി ലിസ്റ്റ്, ഒന്നിലേറെ ജില്ലകളില്‍ കുറ്റകൃത്യം നടത്തിയവരുടെ കണക്കുകളടങ്ങുന്ന ഡിസി ലിസ്റ്റ് എന്നിവയെല്ലാം പോലീസിന്‍റെ പക്കലുണ്ട്. എന്നാൽ, ഇതെല്ലാമുണ്ടായിട്ടും പോലീസ് സംവിധാനങ്ങൾ എത്രകണ്ട് പരാജയമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

Related Articles

Latest Articles