പാലക്കാട്: കേരളത്തെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. ആലത്തൂർ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ദൃക്സാക്ഷി ഉള്‍പ്പെടെ കേസിൽ ആകെ 132 സാക്ഷികളാണുള്ളത്. 30 ലേറെ ശാസ്ത്രീയ തെളിവുകളും. കേസില്‍ ഏക പ്രതി ചെന്താമര മാത്രമാണ്.ഏക ദൃക്സാക്ഷിയെ കണ്ടെത്താൻ കഴിഞ്ഞത് കേസില്‍ വഴിത്തിരിവായി. ചെന്താമര ലക്ഷ്മിയെ വെട്ടി പരിക്കേല്‍പിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷി ഗിരീഷിന്‍റെ മൊഴി നിര്‍ണായകമായി. . ഡിഎൻഎ പരിശോധന ഫലവും കുറ്റപത്രത്തിനൊപ്പമുണ്ട്. ചെന്താമരയുടെ കൊടുവാളിൽ നിന്ന് മരിച്ചവരുടെ ഡിഎന്‍എ കണ്ടെത്തിയിട്ടുണ്ട്.
കൊടുവാളിന്‍റെ പിടിയിൽ നിന്ന് ചെന്താമരയുടെ ഡിഎന്‍എയും കണ്ടെത്തി. ചെന്താമരയുടെ ലുങ്കിയിൽ സുധാകരൻ്റെയും ലക്ഷ്മിയുടെയും രക്തക്കറയും കണ്ടെടുത്തു.പ്രതി മാനസിക രോഗിയല്ലെന്ന് തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിലുണ്ട്.
കൃത്യത്തിന് വ്യക്തിവിരോധവും പ്രതിയുടെ കുടുംബം തകർത്തതിലുള്ള പകയുമാണ്. പ്രതി ചെന്താമര ഒറ്റയ്ക്കാണ് കൊല നടത്തിയത്. സുധാകരനെ കൊലപ്പെടുത്താനാണ് പ്രതി പദ്ധതിയിട്ടത്. അമ്മ ലക്ഷ്മി ബഹളം വെച്ചപ്പോൾ അവരെയും കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

