Monday, April 29, 2024
spot_img

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ നബിദിനാഘോഷത്തിനിടെ വൻ സ്ഫോടനം ! 54 പേർ കൊല്ലപ്പെട്ടു; നൂറിലധികം പേർക്ക് പരിക്ക് ! കൊല്ലപ്പെട്ടവരിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും

നബി ദിനാഘോഷത്തിനിടെ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒരു മസ്ജിദിനടുത്തുണ്ടായ വൻ സ്‌ഫോടനത്തിൽ 54 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചാവേറാക്രമണമാണ് നടന്നതെന്നാണ് സംശയിക്കുന്നത്. മസ്തുങ് ജില്ലയിലെ മദീന മസ്ജിദിന് സമീപമാണ് സ്ഫോടനം ഉണ്ടായതെന്ന് പാക് മാദ്ധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. മസ്ജിദിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന മസ്‌തുങ് ജില്ലയുടെ ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) നവാസ് ഗഷ്‌കോരിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ഡിഎസ്പിയുടെ കാറിന് സമീപം സ്‌ഫോടക വസ്തുക്കൾ ശരീരത്തിൽ കെട്ടിവച്ചിരുന്നയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സിറ്റി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) മുഹമ്മദ് ജാവേദ് ലെഹ്‌രി പറഞ്ഞു. ആശുപത്രികളിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കെ പരിക്കേറ്റവരെ മെഡിക്കൽ സൗകര്യത്തിലേക്ക് മാറ്റുകയാണെന്ന് ലെഹ്‌രി പറഞ്ഞു.

പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. രക്ഷാസംഘത്തെ മസ്തുങ്ങിലേക്ക് അയച്ചിട്ടുണ്ടെന്ന് ബലൂചിസ്ഥാൻ ഇടക്കാല ഇൻഫർമേഷൻ മന്ത്രി ജാൻ അചക്‌സായി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ ക്വറ്റയിലേക്ക് മാറ്റുകയാണെന്നും എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാൻ കാവൽ മുഖ്യമന്ത്രി അലി മർദാൻ ഡോംകി അധികൃതർക്ക് നിർദ്ദേശം നൽകി. അതേസമയം, സ്‌ഫോടനത്തെ താത്കാലിക ആഭ്യന്തര മന്ത്രി സർഫ്രാസ് അഹമ്മദ് ബുഗ്തി ശക്തമായി അപലപിച്ചു.

Related Articles

Latest Articles