Wednesday, May 15, 2024
spot_img

തമിഴ്നാടിന് കാവേരി ജലം നൽകുന്നതിനെതിരെയുള്ള ബന്ദ് !കർണ്ണാടക നിശ്ചലം ! സ്കൂളുകൾ അടച്ചു, 44 വിമാനങ്ങൾ റദ്ദാക്കി; എം കെ സ്റ്റാലിന്റെ കോലം കത്തിച്ചു

ബെംഗളൂരു : കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന കർണാടക ബന്ദ് ജനജീവിതത്തെ നിശ്ചലമാക്കി . മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കി.സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നും ഇത് യാത്രക്കാരെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. എന്നാൽ ബന്ദിന്റെ പശ്ചാത്തലത്തിൽ നിരവധി യാത്രക്കാർ ടിക്കറ്റ് റദ്ദാക്കിയതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

ചിക്മാംഗളൂരുവിൽ പ്രതിഷേധക്കാർ ബൈക്കുകളിൽ പെട്രോൾ പമ്പുകളിൽ എത്തി പ്രതിഷേധിക്കുകയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു. മാണ്ഡ്യയിൽ റോഡിൽ കിടന്നും പ്രതിഷേധിച്ചു. തെക്കൻ കർണാടകയിൽ കടകളും വ്യാപരസ്ഥാപനങ്ങളും റസ്റ്ററന്റുകളുമെല്ലാം പൂർണമായി അടച്ചിട്ടു.

അതിനിടെ ബന്ദിന് പിന്തുണയുമായി കന്നഡ സിനിമാപ്രവർത്തകരും രംഗത്ത് വന്നു. ഇന്നു പുലർച്ചെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് പ്രതിഷേധം. പ്രതിഷേധം കണക്കിലെടുത്ത് ബെംഗളൂരു നഗരത്തിൽ ഇന്നലെ അർധരാത്രി മുതൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിജെപിക്കും ജനതാദളിനുമൊപ്പം റസ്റ്ററന്റ് ഉടമകൾ, ഓല, ഊബർ ഡ്രൈവർമാരുടെ സംഘടനകൾ, സിനിമാ പ്രവർത്തകർ, ഓട്ടോറിക്ഷാ ഉടമകൾ, സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ഉൾപ്പെടെ ആയിരത്തിലധികം സംഘടനകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദ് കണക്കിലെടുത്ത് സംസ്ഥാനത്തൊട്ടാകെ 80,000 പോലീസുകാരെ സുരക്ഷാചുമതലയ്ക്കായി നിയോഗിച്ചു. 1900 ത്തോളം വരുന്ന അസോസിയേഷനുകൾ ബന്ദിനെ അനുകൂലിച്ച് രംഗത്തെത്തി.

I.N.D.I.A മുന്നണിയിലെ പ്രധാനകക്ഷിയായ കോൺഗ്രസ് ഭരിക്കുന്ന കർണാടകയ്ക്കും സഖ്യ കക്ഷിയായ ഡിഎംകെ ഭരിക്കുന്ന തമിഴ്‌നാടിനുമിടയിൽ കാവേരി നദീ ജല പ്രശ്നത്തിൽ അസ്വാരസ്യങ്ങൾ പുകയുവാൻ ആരംഭിച്ചിട്ട് കാലങ്ങളായി. തമിഴ്നാടിന് 15 ദിവസത്തേയ്ക്ക് 5000 ക്യുസെസ് വീതം അധിക ജലം വിട്ടു നൽകണമെന്ന് കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ അധികജലം തമിഴ്നാടിന് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് തീരുമാനത്തിൽ പ്രതിഷേധിച്ച് കർഷക, കന്നഡ അനുകൂല സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്.

Related Articles

Latest Articles