Thursday, May 16, 2024
spot_img

തിരുവാർപ്പിൽ ബസുടമയെ ആക്രമിച്ച സംഭവം; സിഐടിയു നേതാവ് മാപ്പ് അപേക്ഷിച്ചു, ഹൈക്കോടതി കേസ് തീർപ്പാക്കി

കോട്ടയം: തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവ് മാപ്പ് പറഞ്ഞു. ഇതോടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും സിഐടിയു നേതാവ് അജയൻ മാപ്പ് അപേക്ഷിച്ചു. തുറന്ന കോടതിയിലാണ് അജയൻ മാപ്പ് ചോദിച്ചത്. മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് വെട്ടിക്കുളങ്ങര ബസുടമ രാജ്‌മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, കോടതി ഇത് അംഗീകരിക്കാതെ കേസ് തീർപ്പാക്കുകയായിരുന്നു.

കോടതിയലക്ഷ്യ കേസ് തീർപ്പായെങ്കിലും ക്രിമിനൽ കേസ് തുടരും. മനപ്പൂർവ്വം കോടതി ഉത്തരവ് ധിക്കരിച്ചിട്ടില്ലെന്നും വാഹനം തടഞ്ഞിട്ടില്ലെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ഇടക്കാല ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് എൻ നഗരേഷ് സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് നടപടി സ്വീകരിച്ചത്.

ജൂൺ 17ന് ബസിനു മുന്നിൽ സി.ഐ.ടി,യു കൊടി കുത്തിയതിനെ തുടർന്ന് ഉടമ സമരം നടത്തുകയും, പിന്നീട് കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണത്തിനായി ഇടക്കാല ഉത്തരവ് നേടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഇടക്കാല ഉത്തരവ് നിലനിൽക്കെ ഉടമ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് എൻ നഗരേഷ് സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് നടപടി സ്വീകരിച്ചത്. വേതനം നൽകുന്നതിലെ വിവേചനം അവസാനിപ്പിക്കണമെന്നും എല്ലാ ജീവനക്കാർക്കും ഒരേപോലെ വേതന വർദ്ധനവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് വെട്ടിക്കുളങ്ങര ബസിന് മുന്നിൽ സിഐടിയു സമരം തുടങ്ങിയത്.

Related Articles

Latest Articles