Wednesday, May 15, 2024
spot_img

5,555 കിലോ​ഗ്രാം തൂക്കം, 73.5 ലക്ഷത്തോളം രൂപ! പത്ത് രൂപ നാണയങ്ങൾ കൊണ്ട് ആനയ്ക്ക് തുലാഭാരം

ബെംഗളൂരു: പത്ത് രൂപ നാണയങ്ങൾ കൊണ്ട് ആനയ്ക്ക് തുലാഭാരം! ബെം​ഗളൂരുവിലെ ഹുബ്ബള്ളി ഷിരഹട്ടി ഫകിരേശ്വര മഠത്തിലെ ചമ്പിക എന്ന ആനയ്ക്കാണ് 5,555 കിലോ​ഗ്രാം നാണയം ഉപയോ​ഗിച്ച് തുലഭാരം നടത്തിയത്. മഠാധിപതി ഫകിർ സിദ്ധരാം മഹാസ്വാമിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു അപൂർവചടങ്ങ്. ആന മഠത്തിലെത്തിയതിന്റെ അറുപതാം വാർഷികാഘോഷംകൂടിയായിരുന്നു ഇത്.

പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ തുലാസിലാണ് തുലാഭാരം നടത്തിയത്. തുലാസിന്റെ ഒരു തട്ടിൽ നെറ്റിപ്പട്ടംകെട്ടി അണിയിച്ചൊരുക്കിയ ആനയെ നിർത്തി. ആനപ്പുറത്ത് തേക്കുകൊണ്ടുണ്ടാക്കിയ 200 കിലോഗ്രാം തൂക്കമുള്ള അംബാരിയും അതിനകത്ത് മഠാധിപതിയും ആനപ്പുറത്ത് പാപ്പാനുമുണ്ടായിരുന്നു. മറുതട്ടിൽ നാണയത്തുട്ടുകളുടെ ചാക്കുകെട്ട് അടുക്കിവെച്ചു. 5555 കിലോഗ്രാം നാണയങ്ങളാണ് ആന നിന്ന തട്ടിനൊപ്പമാകാൻ വേണ്ടിവന്നത്. 376 ചാക്കുകളിലായി 73,40,000 രൂപയുടെ നാണയങ്ങളാണ് ആനയ്ക്കൊപ്പം തൂക്കിയത്.

44 അടി നീളവും 20 അടി വീതിയും 30 അടി ഉയരവുമുള്ള ഇരുമ്പിന്റെ തുലാസാണ് തുലാഭാരത്തിന് തയ്യാറാക്കിയത്. 20 ലക്ഷം രൂപ തുലാസ് നിർമിക്കാനായി ചെലവുവന്നു. തുലാഭാരത്തിനുള്ള നാണയങ്ങൾ എസ്.ബി.ഐ.യിൽനിന്നാണ് ശേഖരിച്ചത്. ഈ പണം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവാക്കും.

ഹുബ്ബള്ളി നഗരത്തിലെ നെഹ്റു മൈതാനത്ത് നടന്ന ചടങ്ങിന് ഒട്ടേറെപ്പേർ സാക്ഷികളായി. മന്ത്രിമാരായ എച്ച്.കെ. പാട്ടീൽ, ഈശ്വർ ഖൻഡ്രെ, നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, എം.എൽ.എ.മാരായ മഹേഷ് തെങ്ങിനകായി, അരവിന്ദ് ബെല്ലാഡ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Latest Articles