Sunday, May 19, 2024
spot_img

ഇന്ത്യയിൽ 5 ജി തരംഗം; പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു, ആദ്യ ഘട്ടം, തിരഞ്ഞെടുത്ത 13 നഗരങ്ങളില്‍

ദില്ലി: ഇന്ത്യയിൽ ഇനി മുതൽ 5 ജി തരംഗം. രാജ്യത്തിനായി 5 ജി സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 5 ജി സേവനങ്ങൾ തിരഞ്ഞെടുത്ത 13 നഗരങ്ങളില്‍ ഇനി സാധ്യമാകും. ദില്ലിയിലെ പ്രഗതി മൈതാനിയിൽ വച്ച് നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022 ന്റെ ആറാമത് പതിപ്പിലാണ് 5 ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികൾക്ക് ഉള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്‌വർക്ക് ദാതാക്കൾ അറിയിച്ചിട്ടുണ്ട്.

അടുത്തിടെ, 5G സ്പെക്ട്രം ലേലം വിജയകരമായി നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെർട്സ് എയർവേവ് ടെലികോം കമ്പനികൾക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു.

4 ജിയെക്കാൾ 100 മടങ്ങ് വേഗതയുള്ളതിനാൽ ബഫറിംഗ് ഇല്ലാതെ വീഡിയോകൾ കാണാനും വേഗത്തിൽ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും. നിലവിൽ തിരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിക്കുന്ന 5 ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

5 ജി സേവനം പുതിയ സാമ്പത്തിക അവസരങ്ങളും സാമൂഹിക നേട്ടങ്ങളുമാണ് രാജ്യത്തിന് നൽകുന്നത്. 2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5ജി വഴി ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത കവറേജും മികച്ച ആശയവിനിമയ സംവിധാനങ്ങളും നൽകും. 5ജി സേവനങ്ങൾ ഘട്ടം ഘട്ടമായാകും നടപ്പാക്കുക.

അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ദില്ലി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലക്നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ 5ജി എത്തുക. ഈ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമായിരിക്കും ആദ്യം 5ജി സേവനം നൽകുകയെന്ന് വിവിധ ടെലികോം കമ്പനികൾ വ്യക്തമാക്കി.

Related Articles

Latest Articles