Wednesday, May 22, 2024
spot_img

ഇസ്രയേലിലെ കൂടുതൽ ‘മുങ്ങൽ കഥകൾ’ പുറത്തു വരുന്നു; തീർത്ഥാടനത്തിനിടെ മുങ്ങിയ 6 പേർ പാസ്പോർട്ട് വാങ്ങാൻ പോലും പിന്നെ പൊങ്ങിയില്ല !!

തിരുവനന്തപുരം : ഇസ്രയേലിലെ ആധുനിക കൃഷിരീതികളെക്കുറിച്ചു പഠിക്കാൻ ഇസ്രയേലിലെത്തിയ കർഷക സംഘത്തിൽ നിന്ന് ഇരിട്ടി സ്വദേശി ബിജു കുര്യൻ മുങ്ങിയതിൽ സർക്കാർ പുലിവാല് പിടിച്ചതിനു പിന്നാലെ ഇസ്രയേലിലേക്കു തീർത്ഥാടന യാത്രപോയ മറ്റൊരു 27 പേരടങ്ങിയ സംഘത്തിലെ 5 സ്ത്രീകൾ ഉൾപ്പെടെ 6 പേരേക്കൂടി കാണാതായതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. നാലാഞ്ചിറയിലെ പുരോഹിതന്റെ നേതൃത്വത്തിൽ ഇസ്രയേലിലേക്കു പോയ തീർഥാടക സംഘത്തിൽപ്പെട്ടവരെയാണ് കാണാതായിരുന്നത്. ഇവർ 50 വയസിനു മുകളിലുള്ളവരാണെന്നാണ് സൂചന.

ഈ മാസം 8നാണ് യാത്ര പുറപ്പെട്ടത്. ഈജിപ്ത് വഴി സംഘം 11ന് ഇസ്രയേലിൽ എത്തി. തുടർന്ന് 14ന് വൈകിട്ട് എൻ കരേം എന്ന ടൂർ സൈറ്റിൽ നിന്നും 3 പേരെയും തൊട്ടടുത്ത ദിവസം വെളുപ്പിന് ബത്‌ലഹേമിലെ ഹോട്ടലിൽ നിന്നു 3 പേരെയും കാണാതായി. ഇവരിൽ മൂന്നു പേർ തിരുവനന്തപുരം സ്വദേശികളും രണ്ടു പേർ കൊല്ലം കുണ്ടറ സ്വദേശികളുമാണ്. ഒരാൾ വർക്കലയിൽ താമസിക്കുന്ന ഇടുക്കി സ്വദേശിനിയാണ്.

തുടർന്ന് തൊട്ടടുത്ത ദിവസം ഇസ്രയേൽ എമിഗ്രേഷൻ പൊലീസിൽ ഇ മെയിലിലൂടെ പരാതി നൽകി. ഇസ്രയേൽ ലോക്കൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അവർ സ്ഥലത്തുവന്ന് വിവരങ്ങൾ തിരക്കി. സൂക്ഷിക്കാൻ ഏൽപിച്ചിരുന്ന പാസ്പോർട്ടുകൾ തിരികെ വാങ്ങാതെയാണ് എല്ലാവരും മുങ്ങിയിരിക്കുന്നത്.

കാണാതായവരുടെ ബന്ധുക്കൾ ഇസ്രയേലിൽ ഉള്ളതായി സംശയമുണ്ട്. എന്തായാലൂം ഈ സംഭവം കാരണം യാത്രയ്ക്കു സഹായിച്ച തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയും പുരോഹിതനും വെട്ടിലായിരിക്കുകയാണ്.

Related Articles

Latest Articles