വയനാട് തോമാട്ടുചാല്‍ വാളശ്ശേരിയില്‍ രഘുനാഥിനെ (60) വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ 2 പേര്‍ കൂടി പോലീസ്‌അറസ്റ്റില്‍ ആയി. വടുവന്‍ചാല്‍ തെക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍ ജോസഫ് (32), വടുവന്‍ചാല്‍ മേനോന്‍മുക്ക് എരഞ്ഞേടത്ത് വെങ്കാലി വീട്ടില്‍ സുമേഷ് (37) എന്നിവരെയാണു കര്‍ണാടകയിലെ മച്ചൂരില്‍ നിന്ന് അമ്ബലവയല്‍ പൊലീസ് പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 5 ആയി.
വടുവന്‍ചാല്‍ കൊച്ചുപുരയ്ക്കല്‍ വേട്ടാളന്‍ എന്ന അബിന്‍ കെ. ബോബസ് (28), ചെല്ലങ്കോട് പള്ളിക്കുന്നേല്‍ നിഖില്‍ ജോയ് (25), വടുവന്‍ചാല്‍ ചൂരയ്ക്കല്‍ സിജു മാത്യു (39) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. 2 പേരെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പ്രതികള്‍ സംഘമായെത്തി രഘുനാഥിനെ ആക്രമിച്ചത്. സാരമായി പരുക്കേറ്റ രഘുനാഥ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിച്ചു.

