ദില്ലി : ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നിൽ വിളിച്ചോതിക്കൊണ്ട് ഐ.എൻ.എസ്. അരിഘട്ട് (INS Arighaat) ആണവ അന്തർവാഹിനിയിൽ നിന്ന് കെ-4 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. 3,500 കിലോമീറ്റർ പ്രഹരശേഷിയുള്ള ഈ മിസൈൽ പരീക്ഷണം ബംഗാൾ ഉൾക്കടലിൽ വിശാഖപട്ടണം തീരത്തുവെച്ചാണ് നടന്നത്. സമുദ്രത്തിനടിയിൽ നിന്നുള്ള ഭാരതത്തിന്റെ ആണവ പ്രഹരശേഷി ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ നീക്കം. ഡിസംബർ 23 ചൊവ്വാഴ്ച നടന്ന പരീക്ഷണത്തിൽ മിസൈൽ അതിന്റെ മുഴുവൻ ദൂരപരിധിയും വിജയകരമായി പിന്നിട്ടതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഭാരതത്തിന്റെ രണ്ടാമത്തെ ആണവ അന്തർവാഹിനിയായ ഐ.എൻ.എസ്. അരിഘട്ട് കഴിഞ്ഞ വർഷമാണ് നാവികസേനയുടെ ഭാഗമായത്. ഈ പരീക്ഷണ വിജയത്തോടെ കരയിൽ നിന്നും വായുവിൽ നിന്നും കടലിന്റെ ആഴങ്ങളിൽ നിന്നും ആണവാക്രമണം നടത്താൻ ശേഷിയുള്ള ‘ന്യൂക്ലിയർ ട്രയാഡ്’ പദവി ഭാരതം സ്വന്തമാക്കി. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ വൻശക്തികൾ മാത്രം കൈവശം വെച്ചിരിക്കുന്ന ഈ സാങ്കേതികവിദ്യയിൽ ഭാരതം സ്വന്തം മുദ്ര പതിപ്പിച്ചിരിക്കുകയാണ്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിനോടുള്ള ആദരസൂചകമായി ‘K’ എന്ന് നാമകരണം ചെയ്ത ഈ മിസൈൽ പരമ്പരയിലെ ഏറ്റവും പുതിയ നേട്ടമാണിത്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കെ-4 മിസൈൽ അഗ്നി-III മിസൈലിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 2.5 ടൺ ആണവ യുദ്ധശീർഷകങ്ങൾ വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ സമുദ്രത്തിനടിയിലെ രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് തൊടുക്കാൻ കഴിയുമെന്നത് ശത്രുരാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. നിശ്ശബ്ദമായി സമുദ്രയാത്ര നടത്തുന്ന അരിഹന്ത് ക്ലാസ് അന്തർവാഹിനികൾക്ക് മാസങ്ങളോളം വെള്ളത്തിനടിയിൽ ഒളിച്ചിരുന്ന് ആക്രമണം നടത്താൻ സാധിക്കും. ഇത് ഇന്ത്യയുടെ രണ്ടാമത്തെ ആക്രമണ ശേഷി അഥവാ ‘സെക്കൻഡ് സ്ട്രൈക്ക്’ ഉറപ്പാക്കുന്നു.
നിലവിൽ നാവികസേനയുടെ പക്കലുള്ള 750 കിലോമീറ്റർ പ്രഹരശേഷിയുള്ള കെ-15 മിസൈലുകളേക്കാൾ ബഹുദൂരം മുന്നിലാണ് പുതിയ കെ-4 മിസൈലുകൾ. ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇതിന് സാധിക്കും. ഇന്ത്യൻ നാവികസേനയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി കൂടുതൽ കരുത്തുറ്റ അന്തർവാഹിനികളും മിസൈലുകളും വരും വർഷങ്ങളിൽ സൈന്യത്തിന്റെ ഭാഗമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ദക്ഷിണേഷ്യൻ മേഖലയിലെ തന്ത്രപരമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഭാരതത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ഈ നേട്ടം വലിയ കരുത്ത് പകരും.

