തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചത്. മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കുമെന്ന് പാറ്റൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്ന 51 സീറ്റുകൾ ബിജെപി തികച്ചു. മേയർ സ്ഥാനാർഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചത്.
ആശാനാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോഗത്തിന് ശേഷം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ആണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
തലസ്ഥാനത്തെ ബിജെപിയുടെ മുഖമായ വിവി രാജേഷ് ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കൊടുങ്ങാനൂർ കൗൺസിലറുമാണ് ഇദ്ദേഹം. കൗൺസിലറായി ഇത് രണ്ടാമൂഴമാണ്. ജില്ല പ്രസിഡന്റ് കരമന ജയൻ, വി വി രാജേഷ്, ആർ ശ്രീലേഖ, ജില്ല ജനറൽ പാപ്പനം കോട് സജി എന്നിവർ അടിയന്തര ചർച്ചയിൽ പങ്കെടുത്തു.
തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുൻ എംഎൽഎ കെ എസ് ശബരീനാഥാണ് മത്സരിക്കുന്നത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും. പുന്നക്കാമുഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജിയാണ് എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി.

