ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു യുവാവ് കൊല്ലപ്പെട്ടു. അമൃത് മണ്ഡൽ സമ്രാട്ടാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. പാങ്‌ഷ ഉപസിലയിലെ ഹുസൈൻദംഗ ഓൾഡ് മാർക്കറ്റിൽ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ അമൃതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശവാസികളിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇസ്‌ലാമിസ്റ്റുകൾ അമൃതിനെ ആക്രമിച്ചതെന്ന പാങ്‌ഷ മോഡൽ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ഷെയ്ഖ് മൊയ്‌നുൽ ഇസ്‌ലാം അറിയിച്ചു.
അമൃത് മണ്ഡൽ പ്രാദേശികമായി ‘സമ്രാട്ട് വാഹിനി’ എന്ന ഗ്രൂപ്പിന്റെ നേതാവായിരുന്നു. ഹുസൈൻദംഗ സ്വദേശി അക്ഷയ് മണ്ഡലിന്റെ മകനാണ് അമൃത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പ്രദേശത്ത് സമാധാനം നിലനിർത്താൻ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒരാഴ്ചയ്ക്കിടെ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആൾക്കൂട്ടക്കൊലയാണിത്. ഡിസംബർ 18-ന് മൈമെൻസിംഗിൽ ദീപു ചന്ദ്ര ദാസ് എന്ന ഫാക്ടറി തൊഴിലാളിയെ ഒരു സംഘം തല്ലിക്കൊന്ന സംഭവം അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു ദീപുവിനെ അക്രമികൾ മർദ്ദിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് ഭാരതത്തിലെ വിവിധ നഗരങ്ങളിൽ ഹൈന്ദവ സംഘടനകൾ പ്രകടനങ്ങൾ നടത്തിയിരുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ഭാരതം ശക്തമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിലെ ആഭ്യന്തര സാഹചര്യം സങ്കീർണ്ണമായി തുടരുന്ന പശ്ചാത്തലത്തിൽ കടുത്ത സുരക്ഷാ ജാഗ്രതയിലാണ് രാജ്യം.\

