കൊച്ചി: കാക്കനാട്ടെ ഒലിവ് കോർഡ് യാർഡ് ഫ്ലാറ്റ് അസ്സോസിയേഷനിൽ സദാചാര പോലീസിംഗ് നടത്തുന്നതായി പരാതി. ഫ്ലാറ്റ് അസ്സോസിയേഷനെതിരെ വാടകയ്ക്ക് താമസിക്കുന്ന 64 കുടുംബങ്ങളാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. എന്നാൽ സുരക്ഷയുടെ അടിസ്ഥാനത്തിൽ പോലീസിന്റെ നിർദ്ദേശ പ്രകാരമാണ് നിയന്ത്രണങ്ങളെർപ്പെടുത്തിയതെന്നാണ് അസ്സോസിയേഷൻ നൽകുന്ന മറുപടി.
ഭാര്യ ഭർത്താക്കന്മാർക്ക് പോലും ഫ്ലാറ്റിലേക്ക് കയറണമെങ്കിൽ ദിവസവും തിരിച്ചറിയൽ രേഖ കാണിക്കേണ്ട അവസ്ഥയാണെന്നാണ് വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾ പറയുന്നത്. വിവാഹ സർട്ടിഫിക്കേറ്റ് കാണിച്ചാൽ മാത്രമേ അകത്തേക്ക് കയറ്റിവിടുകയുള്ളുവെന്ന അവസ്ഥയുണ്ടെന്നും പരാതിയുന്നയിച്ചവർ പറയുന്നുണ്ട് . താമസക്കാരുടെ എതിർലിംഗത്തിലുള്ള വ്യക്തികൾക്ക് പ്രവേശനമില്ല. കൊച്ചി ഇൻഫോപാർക്കിൽ നിന്ന് അടുത്തുള്ള ഫ്ലാറ്റാണ് ഒലിവ് കോർഡ് യാർഡ്. 5 ടവറുകളിലായി 500ലധികം ഫ്ലാറ്റുകളാണിവിടുള്ളത്. അവിടെ ജോലിചെയ്യുന്ന ഐടി മേഘലയിൽ പ്രവർത്തിക്കുന്നവർക്ക് പല ഷിഫ്റ്റുകളാണുള്ളത്. ജോലി കഴിഞ്ഞെത്തുബോൾ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചാണ് ഫ്ലാറ്റിലേക്ക് കടത്തി വിടുന്നത്.
ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ക്രിമിനൽ കേസുകൾ കൂടി വരുന്ന പശ്ചാത്തലത്തിൽ താമസക്കാരുടെ പേര് വിവരങ്ങൾ സൂക്ഷിക്കാൻ പോലീസ് നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശത്തെ മുതലെടുത്താണ് ഫ്ലാറ്റ് അസോസിയേഷന്റെ സദാചാര പോലീസിംഗ്. ഇതിനെതിരെയാണ് ഫ്ലാറ്റിൽ താമസിക്കുന്നവർ പോലീസിൽ പരാതി നൽകിയത്

