പട്ന ∙ ബിഹാറിലെ വിഷമദ്യ ദുരന്തത്തെ തുടർന്നു സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ റെയ്ഡുകളിൽ 568 പേരെ അറസ്റ്റു ചെയ്തു. വിഷമദ്യ ദുരന്തത്തിൽ ഒരാഴ്ചയ്ക്കിടെ അറുപതോളം പേരാണു മരിച്ചത്.മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. മുസഫർപുരിൽ നാലു പേരും ബക്സറിൽ രണ്ടു പേരും കൂടി മരിച്ചു. വിഷമദ്യ ദുരന്തത്തെതുടർന്ന് മദ്യ നിരോധന നയം പുനഃപരിശോധിക്കാൻ യോഗം വിളിച്ചിരിക്കുകയാണ് നിതീഷ്
ബിഹാർ പൊലീസ് ഇതിനകം 749 റെയ്ഡുകൾ നടത്തി. 347 കേസുകളും റജിസ്റ്റർ ചെയ്തു. റെയ്ഡുകളിൽ 15,000 ലീറ്റർ വിദേശമദ്യവും 4,000 ലീറ്റർ നാടൻ മദ്യവും 500 ലീറ്റർ സ്പിരിറ്റും പിടികൂടി. മദ്യക്കള്ളക്കടത്തിനായി ഉപയോഗിച്ചിരുന്ന 71 വാഹനങ്ങളും എട്ടു ലക്ഷം രൂപയും പിടിച്ചെടുത്തു.
വിഷമദ്യ ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഈ മാസം 16നു വിളിച്ചു ചേർത്തിട്ടുള്ള മദ്യ നിരോധന അവലോകന യോഗത്തിൽ ജില്ല തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. മുസഫർപുരിൽ വ്യാജമദ്യ നിർമാണത്തിന്റെ കേന്ദ്രമായ സരാരിയയിൽ പൊലീസ് റെയ്ഡുകൾ തുടരുകയാണ്.

