ബെംഗളൂരുവിലെ കൊരമംഗലയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 27കാരൻ അറസ്റ്റിൽ. ചന്നപട്ടണ സ്വദേശിയായ 35കാരൻ ശിവകുമാറാണ് കൊല്ലപ്പെട്ടത്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ശിവകുമാർ ജക്കൂറിലുള്ള മൂത്ത സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ഇയാളുടെ സുഹൃത്തായ നവീനാണ് കേസിലെ പ്രതി.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഇരുവരും ഒരുമിച്ച് ബാറിലെത്തി മദ്യപിച്ചിരുന്നു. ഇതിനിടെ നിസ്സാര കാര്യങ്ങളെച്ചൊല്ലി തർക്കമുണ്ടായി. ബാറിൽനിന്ന് പുറത്തിറങ്ങിയ ശേഷവും തർക്കം തുടർന്നു. കൊരമംഗല ഫസ്റ്റ് ബ്ലോക്കിലെ പാൽക്കടയ്ക്ക് സമീപം വെച്ചുണ്ടായ ബഹളത്തെത്തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇരുവരെയും പിരിച്ചുവിട്ടു. എന്നാൽ, പിന്നീട് ബി.എം.ടി.സി ബസ് സ്റ്റാൻഡിന് സമീപമെത്തിയപ്പോൾ വീണ്ടും തർക്കമുണ്ടായി. ശിവകുമാർ അസഭ്യം പറഞ്ഞതിൽ പ്രകോപിതനായ നവീൻ റോഡരികിൽ കിടന്നിരുന്ന മരക്കമ്പെടുത്ത് ഇയാളുടെ തലയിലും ശരീരത്തിലും ക്രൂരമായി അടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ ശിവകുമാറിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ കൊരമംഗല പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് നവീനെ പിടികൂടിയത്. മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായാണ് റിപ്പോർട്ട്. സൗഹൃദത്തിനിടെ ഉണ്ടായ തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.

