Friday, December 26, 2025

സബ് കളക്ടര്‍ ഡോ രേണു രാജിനെ അധിക്ഷേപിച്ച സംഭവം; എംഎല്‍എയ്‌ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഇടുക്കി: ദേവികുളം സബ് കളക്ടര്‍ ഡോ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ കേസ്. സംസ്ഥാന വനിതാ കമ്മീഷനാണ് സ്വമേധയാ കേസെടുത്തത്. അതേസമയം, സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്‍ പ്രതികരിച്ചത്.

വീട്ടില്‍ ഭാര്യയേയും മക്കളേയും ‘അവള്‍’ എന്ന് വിളിക്കുക പതിവാണ്. അതുപോലെ തന്നെയാണ് സബ് കളക്ടര്‍ രേണുരാജിനെയും വിളിച്ചത്. താന്‍ ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്. ചെറിയ കുട്ടിയാണ് സബ് കളക്ടര്‍. അതുകൊണ്ട് അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ലെന്നാണ് കരുതുന്നത്. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു എംഎൽഎയുടെ വാദം.

എന്നാല്‍, സബ്കളക്ടര്‍ ഡോ രേണു രാജ് സ്റ്റോപ് മെമ്മോ നല്‍കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കില്ലെന്നും സര്‍ക്കാരിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും റവന്യൂവകുപ്പിന്റെ എന്‍ഒസി വേണം എന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എസ് രാജേന്ദ്രന്‍ അറിയിച്ചിരുന്നു.

അതേസമയം, മൂന്നാര്‍ പഞ്ചായത്തിന്റെ ഭൂമി കയ്യേറിയതിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു കൊണ്ട് ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ റിപ്പോര്‍ട്ട് എജിയുടെ ഓഫീസിന് കൈമാറി. എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍, എംഎല്‍എക്കെതിരായ വ്യക്തിപരമായ പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണം പാടില്ലെന്നും നിയമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും 2010ല്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Related Articles

Latest Articles