Sunday, November 22, 2026

സ്കോളര്‍ഷിപ്പ് ലഭ്യമാക്കാന്‍ കൈക്കൂലി; ക്ലാര്‍ക്ക് പിടിയില്‍

തൊടുപുഴ: പട്ടികജാതി വികസന ഓഫീസില്‍നിന്നു സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിന് മൂന്നാര്‍ സ്വദേശിയില്‍ നിന്നു 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇയാൾ പിടിയിലാവുകയായിരുന്നു. ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കിനെയാണ് വിജിലന്‍സ് പിടികൂടിയത്. തൊടുപുഴ ഇടവെട്ടി വലിയജാരം പനക്കല്‍ വീട്ടില്‍ കെ.റഷീദ് ആണ് പിടിയിലായത്.

മൂന്നാര്‍ സ്വദേശിയുടെ മകള്‍ക്ക് ഫാഷന്‍ ടെക്നോളജി പഠിക്കാന്‍ 2.5 ലക്ഷം രൂപ സ്കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിനുള്ള രേഖകള്‍ ശരിയാക്കുന്നതിന് ജില്ല പട്ടികജാതി വികസന ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കണമെന്ന് റഷീദ് ആവശ്യപ്പെട്ടിരുന്നു.

60,000 രൂപ കൈക്കൂലി നല്‍കണമെന്നും, അതില്‍ 40,000 രൂപ മുന്‍കൂറായി നല്‍കണമെന്നുമായിരുന്നു ആവശ്യം. മൂന്നാര്‍ സ്വദേശി സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോള്‍ മുന്‍കൂറായി 25,000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിയുമായി മൂന്നാര്‍ സ്വദേശി വിജിലന്‍സിനെ സമീപിക്കുകയുമായിരുന്നു.

Related Articles

Latest Articles