Sunday, June 2, 2024
spot_img

അമ്മയെയും ഗര്‍ഭിണിയെയും തടഞ്ഞുവെച്ച്‌ ആക്രമണം; രക്ഷിക്കാനെത്തിയ വനിതാ ട്രാഫിക് വാര്‍ഡനെ ബൈക്കിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ചു, പ്രതി അറസ്റ്റിൽ

വലിയതുറ: അമ്മയെയും ഗര്‍ഭിണിയെയും തടഞ്ഞുവെച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചത് തടഞ്ഞ വനിതാ ട്രാഫിക് വാര്‍ഡനെ ബൈക്കിടിച്ച്‌ പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. ശംഖുംമുഖം രാജീവ് നഗര്‍ ടി.സി. 34/132(1) ട്രിനിറ്റി ഹൗസില്‍ ആന്റണി (32) ആണ് വലിയതുറ പോലീസിന്റെ പിടിയിലായത്. ശംഖുംമുഖത്തെ ട്രാഫിക് വാര്‍ഡനായ ദിവ്യയെയാണ് പ്രതി ബൈക്കിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെ ശംഖുംമുഖത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടിലായിരുന്നു സംഭവം.

വലിയവേളി സ്വദേശിനി ഷാലറ്റും ഗര്‍ഭിണിയായ മകള്‍ ലിബിതയെയുമാണ് പ്രതി ആക്രമിക്കാന്‍ ശ്രമിച്ചത്. ശംഖുംമുഖത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഇവരുടെ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ആന്റണിയുടെ ബൈക്കില്‍ തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമിക്കാന്‍ ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവ്യ ഓടിയെത്തി കൈയേറ്റം തടഞ്ഞു. ഇതില്‍ കുപിതനായ ആന്റണി ദിവ്യയുടെ കാലില്‍ ബൈക്കിടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു.

ദിവ്യ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചലിലാണ് പ്രതിയെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വലിയതുറ, തുമ്ബ, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ നിരവധി കേസുകളുള്ളതായി വലിയതുറ പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles