തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും മദ്യപസംഘത്തിന്റെ ആക്രമണം. ധനുവച്ചപുരത്ത് മദ്യപസംഘത്തെ ചോദ്യം ചെയ്ത വീട്ടമ്മയെയും മക്കളെയും ആക്രമിച്ചു. വീട്ടമ്മ താമരി, മക്കളായ സുരേഷ്, അനീഷ്, മരുമകള്‍ ഷീജ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. താമരിയും ഷീജയും ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസികളായ സാമും സംഘവുമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം നടന്നത്. സാമും സുഹൃത്തുക്കളും മദ്യപിച്ച ബഹളമുണ്ടാക്കിയത് താമരിയും മക്കളും ചോദ്യം ചെയ്തു. ഇതോടെ 20 പേരടങ്ങുന്ന സംഘം ഇവരുടെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. താമരിയുടെ മക്കളായ സുരേഷിനെയും അനീഷിനെയും അക്രമസംഘം അടിച്ചു. താമരിക്കും മരുമകള്‍ ഷീജയ്ക്കും മര്‍ദ്ദനമേറ്റു. വീട്ടുപകരങ്ങളും അടിച്ചു തകര്‍ത്തു.