കുളത്തൂപ്പുഴ: ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ തര്‍ക്കത്തിലിരിക്കുന്ന സ്ഥലത്ത് നിര്‍മാണം നടത്താനുള്ള സ്വകാര്യവ്യക്തിയുടെ നീക്കത്തിനെതിരെ കെ.എസ്.ആര്.ടി.സി അധികൃതര്‍ പോലീസില്‍ പരാതി നല്കി. കുളത്തൂപ്പുഴ ഡിപ്പോയോട് ചേര്‍ന്ന് ഭൂമിയുള്ള സ്വകാര്യ വ്യക്തിയും ഡിപ്പോ അധികൃതരും തമ്മില്‍ വസ്തുവിന്റെ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കം നിലവില്‍ പുനലൂര്‍ മുന്‍സിഫ് കോടതിയുടെ പരിഗണനയിലാണുള്ളത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തി ഇവിടെ നിര്‍മാണ സാമഗ്രികള്‍ എത്തിച്ചത്.
ഇതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ഡിപ്പോ ഇന്‍ചാര്‍ജ് സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ അധികൃതര്‍ മെറ്റലുമായി എത്തിയ വാഹനം തടയുകയും കുളത്തൂപ്പുഴ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
അതിര്‍ത്തി സംബന്ധിച്ച് താലൂക്ക് സര്‍വേയര്‍ അളന്നു തിട്ടപ്പെടുത്തി കല്ല് സ്ഥാപിച്ചിട്ടുള്ളതും അതിനുള്ളിലാണ് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചതെന്നും അനധികൃതമായി തന്റെ പുരയിടത്തില്‍ കടന്നുകയറി നിര്‍മാണ ജോലികള്‍ തടസ്സപ്പെടുത്തിയതായി കാട്ടി കുളത്തൂപ്പുഴ പോലീസില്‍ പരാതി നല്‍കിയതായി സമീപ പുരയിട ഉടമസ്ഥന് എം.എം. ബഷീര്‍ പറഞ്ഞു.

