Thursday, May 16, 2024
spot_img

തുണി മാസ്ക് ധരിക്കുന്നവർ ജാഗ്രതൈ!!! നിങ്ങൾക്ക് കോവിഡ് വരാൻ വെറും 20 മിനിറ്റ് മതി; നിർണ്ണായക പഠനറിപ്പോർട്ട് പുറത്ത്

ഒമിക്രോണിനെ ചെറുക്കാൻ തുണി മാസ്‌കിന് (Cloth Mask) കഴിയില്ലെന്ന് പഠനം. ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും സംയുക്തമായി നടത്തിയ പഠനത്തിലാണ് നിർണ്ണായക കണ്ടെത്തൽ. നിങ്ങൾ തുണി മാസ്ക് ധരിച്ചാൽ കോവിഡ് വരാൻ വെറും 20 മിനിറ്റ് മാത്രമേ എടുക്കുവെന്നും പഠനത്തിൽ പറയുന്നു. തുണി മാസ്ക് വൈറസിനെതിരെ മതിയായ സംരക്ഷണം നൽകിയേക്കില്ല. എന്നാൽ N95 മാസ്കുകളാണ് ഏറ്റവും മികച്ചതെന്നാണ് അമേരിക്കൻ കോൺഫറൻസ് ഓഫ് ഗവൺമെന്റൽ ഇൻഡസ്ട്രിയൽ ഹൈജീനിസ്റ്റുകൾ നടത്തിയ പഠനത്തിൽ പറയുന്നത്.

അതേസമയം രോഗബാധിതനായ വ്യക്തി മാസ്‌ക് പോലും ധരിച്ചില്ലെങ്കിൽ അയാളിൽ നിന്ന് മറ്റൊരാളിലേക്ക് അണുബാധ പകരാൻ കുറഞ്ഞത് രണ്ടര മണിക്കൂർ എടുക്കും. ഇരുവരും N95 മാസ്‌കുകൾ ധരിക്കുകയാണെങ്കിൽ, വൈറസ് പകരാൻ 25 മണിക്കൂർ എടുക്കും. എന്നാൽ സർജിക്കൽ മാസ്‌കുകൾ തുണി മാസ്‌കിനെക്കാൾ മികച്ച സംരക്ഷണം വാഗ്ദാനം ചെയ്യുന്നുവെങ്കിലും രോഗബാധിതനായ വ്യക്തി മാസ്‌ക് ധരിക്കുന്നില്ലെങ്കിൽ രണ്ടാമത്തെ വ്യക്തി സർജിക്കൽ മാസ്‌ക് ധരിച്ച ആളാണെങ്കിൽ 30 മിനിറ്റിനുള്ളിൽ അണുബാധ പകരുമെന്നാണ് ഈ പഠനത്തിൽ പറയുന്നത്.

പുനരുപയോഗിക്കാവുന്ന പല മാസ്‌കുകളും കോവിഡിനെ പ്രതിരോധിക്കുന്നതിൽ പിന്നിലാണെന്നും പഠനങ്ങൾ പറയുന്നു. എൻ95 മാസ്‌കോ, മൂന്ന് പാളികളുള്ള സർജിക്കൽ മാസ്‌കോ ഇതിനായി ഉപയോഗിക്കണം. 95 ശതമാനം കണികകളേയും തടഞ്ഞുനിർത്തുന്നുവെന്ന് ഉറപ്പുനൽകുന്ന മാസ്‌കുകളാണ് ഉപയോഗിക്കേണ്ടത്. കണികകളേയും പൊടിപടലങ്ങളേയും എൻ95 മാസ്‌കിന് അരിച്ചെടുക്കാനാകുമെന്ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അഭിപ്രായപ്പെടുന്നു. തുണി മാസ്‌കുകളെ സംബന്ധിച്ചിടത്തോളം 75 ശതമാനത്തോളം വൈറസുകൾ ഉള്ളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. എൻ95 മാസ്‌കുമായി താരതമ്യം ചെയ്യുമ്പോൾ സർജിക്കൽ മാസ്‌ക് അൽപം അയഞ്ഞതാണെങ്കിലും തുണി മാസ്‌കുകളെക്കാൾ മികച്ച പതിരോധം തരാൻ അവയ്‌ക്കാകും.

ഡബിൾ മാസ്‌ക് നൽകും ഇരട്ടി സംരക്ഷണം

സർജിക്കൽ മാസ്‌കിന് പുറമേ ഒരു തുണി മാസ്‌ക് കൂടി വയ്‌ക്കുന്ന ഇരട്ട മാസ്‌കിങ് അധിക സംരക്ഷണം നൽകുമെന്നും വിദഗ്ധർ പറയുന്നു. ഒന്നിന് മുകളിൽ ഒന്നായി രണ്ട് മാസ്‌കുകൾ ധരിക്കുമ്പോൾ മാസ്‌കിന്റെ ഫിൽട്രേഷനുള്ള കഴിവ് മെച്ചപ്പെടുന്നു. ഇതുവഴി വൈറസ് കലർന്ന സ്രവം അകത്തേക്കും പുറത്തേക്കും പോകുന്നത് തടയാൻ സഹായിക്കുന്നു. രോഗമുള്ളയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും മറ്റുള്ളവരിൽ നിന്ന് രോഗം പടരാതിരിക്കാനും ഇത് സഹായിക്കും.

Related Articles

Latest Articles