കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതി (High Court) പ്രോസിക്യൂഷന് അനുമതി നല്‍കി. എന്നാല്‍ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് കോടതി അനുമതി നിഷേധിച്ചു. ഹൈക്കോടതിയിൽ നിന്നുള്ള വിധിപ്പകർപ്പ് പുറത്തിറങ്ങിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേസിൽ 16 സാക്ഷികളുടെ പുനർവിസ്താരത്തിനാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്. ഇവരിൽ ഏഴുപേർ നേരത്തേ സാക്ഷി പറഞ്ഞവരാണ്. ഇവരിൽനിന്നു കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതേസമയം നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പറഞ്ഞ സ്‌ത്രീക്കായി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്ത്രീയാണ് ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന നടൻ ദിലീപിന്റെ സംസാരത്തെക്കുറിച്ച് ബാലചന്ദ്രകുമാർ സ്വകാര്യ ചാനലിനോട് വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് സുഹൃത്ത് ബൈജു ചെങ്ങമനാടിനോട് ഈ കാര്യം പറഞ്ഞത്.

