കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയെ കൊണ്ടുവരാൻ ബന്ധുക്കളും പോലീസും അടങ്ങുന്ന സംഘം ഉടൻ ഹൈദരാബാദിലേക്ക് യാത്ര തിരിക്കും.
കരുമം മാടംപന സ്വദേശി സന്തോഷിന്റെ മകൾ ലക്ഷ്മിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്. പുലർച്ചെ 5.30 ന് മാതാപിതാക്കൾ ഉറങ്ങുന്ന സമയത്ത് വീടിന്റെ പിൻവശത്തെ വാതിൽ തുറന്നാണ് കുട്ടി പുറത്തേക്ക് ഇറങ്ങിയത്. സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയ്ക്ക് വീട്ടുകാര്‍ അനുമതി നല്‍കാത്തതിൽ പെണ്‍കുട്ടി ദുഃഖിതയായിരുന്നുവെന്നാണ് വിവരം. വീട്ടില്‍ നിന്നിറങ്ങിയ കുട്ടി ഓട്ടോറിക്ഷയില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി പോലീസിന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മുഖം മറച്ച് മാസ്‌ക് ധരിച്ച നിലയിലായിരുന്നു ലക്ഷ്മി റെയില്‍വേ സ്റ്റേഷനിലെത്തിയത്.
പെണ്‍കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നത് അന്വേഷണത്തിന് വിലങ്ങു തടിയായിരുന്നു. എങ്കിലും കരമന പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി. കുട്ടി ട്രെയിന്‍ മാര്‍ഗ്ഗം കേരളം വിട്ടെന്ന നിഗമനത്തില്‍ തമിഴ്നാട്, തെലങ്കാന പോലീസിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു. ഒടുവില്‍ ഹൈദരാബാദില്‍കുട്ടി സൂചന ലഭിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയുമായിരുന്നു.

