Sunday, September 20, 2026

ഹിമാചൽപ്രദേശിൽ എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ ദുരന്തം!! എട്ടു വയസ്സുകാരി വെന്തുമരിച്ചു; നിരവധിപ്പേരെ കാണാതായി

സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു വയസ്സുകാരി വെന്തുമരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ഇന്ന് പുലർച്ചെ 2:30-ഓടെയാണ് ഒരു വീട്ടിൽ നിന്ന് തീപടർന്നത്. നിമിഷങ്ങൾക്കകം വീട്ടിലെ എൽപിജി സിലിണ്ടറുകൾ ഒന്നിനുപിറകെ ഒന്നായി പൊട്ടിത്തെറിച്ചതോടെ തീ സമീപത്തെ വീടുകളിലേക്കും കടകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു.

ആറിലധികം വീടുകളും നിരവധി വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശം മുഴുവൻ പുക നിറഞ്ഞതോടെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാക്കി. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും നാല് കുട്ടികളും ഉൾപ്പെടെ ഏഴോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായവർക്കായി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

പ്രാദേശിക എം.എൽ.എ സഞ്ജയ് അവാസ്തി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വീടുകളും സമ്പാദ്യങ്ങളും പൂർണ്ണമായും നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Related Articles

Latest Articles