ദില്ലി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൺ പുരസ്കാരം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്ക് പദ്മഭൂഷൺ പുരസ്കാരങ്ങളുണ്ട്. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചത്.
നാല് മലയാളികൾ പത്മശ്രീ പുരസ്ക്കാരത്തിന് അർഹരായിട്ടുണ്ട്. ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം), പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ (സാമൂഹികപ്രവർത്തനം) എന്നിവരാണ് പത്മശ്രീ പുരസ്ക്കാരത്തിന് അർഹരായ മലയാളികൾ.107 പേർക്കാണ് പത്മശ്രീ പുരസ്ക്കാരങ്ങൾ ലഭിക്കുന്നത്.

